സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ സംസാരിച്ചുതുടങ്ങുന്നത് പത്ത് മുതല്‍ പന്ത്രണ്ട് മാസം തൊട്ടെല്ലാമാണ്. ഒരു വയസ്, അതായത് പന്ത്രണ്ട് മാസം തികയുമ്പോഴേക്ക് കുഞ്ഞ് ഏറ്റവും അടുപ്പമുള്ള ചില വാക്കുകളെല്ലാം പഠിച്ചുതുടങ്ങും. എന്നാല്‍ ആഴ്ചകള്‍ മാത്രം പ്രായമിരിക്കെ കുഞ്ഞുങ്ങള്‍ സംസാരിക്കുന്നതിനെ കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. 

അതെ, ഓര്‍ക്കുമ്പോള്‍ തന്നെ ഏറെ കൗതുകം അനുഭവപ്പെടുന്ന ഒന്നാണിത്. ഇംഗ്ലണ്ടിലെ ചെഷയറില്‍ നിന്നുള്ള ഒരു വീഡിയോ നിങ്ങളുടെ ഈ കൗതുകത്തെ ശരിക്കും ഉണര്‍ത്തുക തന്നെ ചെയ്യും. കേവലം എട്ട് ആഴ്ച മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് അച്ഛനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. 

മുപ്പത്തിയേഴുകാരിയായ കരോളിന്‍- ഭര്‍ത്താവ് നിക്ക് എന്നിവരുടെ രണ്ടാമത്തെ കുഞ്ഞാണ് ചാര്‍ളി ജോണ്‍ ടെയ്‌ലര്‍. സദാസമയവും ഉന്മേഷവാനായിരിക്കുന്ന പ്രകൃതമാണത്രേ ചാര്‍ളിയുടേത്. എളുപ്പത്തില്‍ ചിരിക്കും. വാശിയും ദേഷ്യവുമെല്ലാം കുറവ്. 

അതിനാല്‍ തന്നെ അവനെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ നിക്കും കരോളിനും തമ്മില്‍ മത്സരമാണ് വീട്ടില്‍. ഇതിനിടെ കഴിഞ്ഞയാഴ്ച വെറുതെ വീട്ടിലിരിക്കുമ്പോള്‍ നിക്ക് ചാര്‍ളിയെ, മടിയിലെടുത്ത് 'ഹലോ' എന്ന് പതിയെ ഈണത്തില്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ തിരിച്ചും അത് പറയാന്‍ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നി. 

 

 

വീണ്ടും 'ഹലോ' എന്ന വാക്ക് അതേ ഈണത്തില്‍ ആവര്‍ത്തിച്ചതോടെ ചാര്‍ളി കുഞ്ഞുശബ്ദത്തില്‍ പറയാന്‍ ശ്രമിക്കുന്നത് 'ഹലോ' എന്നാണെന്ന് നിക്കും കരോളിനും ഉറപ്പിച്ചു. അങ്ങനെ കരോളിന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ലോകത്തിലെ സംസാരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി എവിടെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ഇത്രയും ചെറുപ്രായത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന ചാര്‍ളിയോട് ആളുകള്‍ക്കുള്ള കൗതുകം ചെറുതല്ല. 

ചാര്‍ളിയുടെ ചേച്ചിയായ ലോട്ടീയും വളരെ ചെറുപ്പത്തില്‍ തന്നെ സംസാരിച്ചുതുടങ്ങിയിരുന്നുവെന്ന് കരോളിന്‍ പറയുന്നു. ഏതാണ്ട് ആറ് മാസം പ്രായമാപ്പോള്‍ തന്നെ ആദ്യവാക്ക് അവള്‍ പഠിച്ചെടുത്തുവെന്നാണ് കരോളിന്‍ പറയുന്നത്. മക്കളുടെ കഴിവില്‍ അഭിമാനമുണ്ടെന്നും, അവരെ അംഗീകരിക്കുന്നവരോട് തിരിച്ച് അറിയിക്കാനുള്ളത് സന്തോഷം മാത്രമാണെന്നും കരോളിനും നിക്കും പറയുന്നു.

വീഡിയോ കാണാം...

 

Also Read:- മോഷണം പോയ പാവ തിരിച്ചുകിട്ടി; സോഷ്യല്‍ മീഡിയയ്ക്ക് നന്ദിയറിയിച്ച് യുവതി...