മോഷണം പോയ തന്റെ കരടിപ്പാവയ്ക്ക് വേണ്ടി അപേക്ഷിച്ച യുവതിക്ക് ഒടുവില്‍ ജീവന്റെ ജീവനായ തന്റെ പാവയെ തിരിച്ചുകിട്ടിയിരിക്കുന്നു. കാനഡയിലെ വെസ്റ്റ് എന്‍ഡില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശി, സൊറിയാനോയാണ് തന്റെ അമ്മയുടെ അവസാനത്തെ ശബ്ദ സന്ദേശമടങ്ങിയ പ്രിയപ്പെട്ട പാവ മോഷണം പോയതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ ക്യാന്‍സര്‍ ബാധിച്ചാണ് സൊറിയാനോയുടെ അമ്മ മരിച്ചത്. അവസാനമായി അമ്മ മകള്‍ക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം ആ പാവയ്ക്കുള്ളില്‍ 'ഫിക്‌സ്' ചെയ്യുകയായിരുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ വീട്ടിലേക്ക് പങ്കാളിയുമൊത്ത് മാറാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് വിലപിടിപ്പുള്ള പല സാധനങ്ങള്‍ക്കുമൊപ്പം ഈ പാവയും മോഷണം പോയത്. അതോടെ പാവയ്ക്ക് വേണ്ടി ട്വിറ്ററിലൂടെ അപേക്ഷിക്കുകയായിരുന്നു സൊറിയാനോ.

 

 

തനിക്ക് വീട് എന്ന ഓര്‍മ്മയെ ബന്ധപ്പെടുത്താന്‍ ഇനി കയ്യിലൊന്നുമില്ലെന്നും ആ പാവ ആരെടുത്തതാണെങ്കിലും അത് തിരിച്ചുനല്‍കണമെന്നുമായിരുന്നു സൊറിയാനോയുടെ അപേക്ഷ. ഈ അപേക്ഷ പിന്നീട് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. 

പാവ തിരിച്ചുനല്‍കുന്നയാള്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചു, ഹോളിവുഡ് നടനായ റയാന്‍ റെയ്‌നോള്‍ഡ്‌സ്. ഒടുവിലിതാ ആ പാവ തിരികെ സൊറിയാനോയുടെ കൈകളില്‍ തന്നെ എത്തിയിരിക്കുന്നു. 

മോഷണം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. അതില്‍ കണ്ട മോഷ്ടാവിനെ തിരഞ്ഞുപിടിച്ച്, അയാളുടെ പക്കല്‍ നിന്ന് രണ്ട് പേര്‍ ചേര്‍ന്നാണ് പാവയെ തിരികെ വാങ്ങിയത്. ശേഷം സൊറിയാനോയ്ക്ക് ഇവര്‍ പാവ കൈമാറുകയായിരുന്നു. 

 

 

'അവര്‍ രണ്ട് പേരുണ്ടായിരുന്നു. ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ബാഗില്‍ നിന്ന് പാവയെ എടുത്തുതന്നതും, ശരിക്ക് ഞാന്‍ കരഞ്ഞുപോയി. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എല്ലാവരോടും ഒരുപാട് നന്ദി...'- സൊറിയാനോ സസന്തോഷം പറഞ്ഞു.

Also Read:- 'ആ കരടിയെ അവള്‍ക്ക് തിരിച്ചുകൊടുക്കൂ, അതിലാണവളുടെ ജീവന്‍...'...