പരസ്പരം സ്‌നേഹവും കരുതലുമറിയിക്കാന്‍ സത്യത്തില്‍ മനുഷ്യര്‍ക്ക് ഭാഷയെന്ന സാങ്കേതികതയുടെ ആവശ്യമുണ്ടോ? ഇല്ലെന്ന് തോന്നിപ്പോകും ഈ കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ കണ്ടാല്‍. 

യുകെയിലെ ഒരു നഗരത്തിലാണ് എട്ടുവയസുകാരിയായ തലൂലയും കുടുംബവും താമസിക്കുന്നത്. ലോക്ഡൗണ്‍ ആയതില്‍ പിന്നെ പുറത്തിറങ്ങാനുള്ള അവസരങ്ങളൊന്നുമില്ല. അങ്ങനെ ആ വിരസതയില്‍ കഴിയവേയാണ് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീട്ടിലേക്കുള്ള പാഴ്‌സലുമായി വരുന്ന വാനിന്റെ ഡ്രൈവര്‍ ടിം ജോസഫുമായി അവള്‍ കൂട്ടാകുന്നത്. 

കേള്‍വിശക്തി ഇല്ലാത്തയാളാണ് ടിം. അതിനാല്‍ത്തന്നെ കണ്ടും ചിരിച്ചും കൈവീശിക്കാണിച്ചുമെല്ലാം കൂട്ടായെങ്കിലും പരസ്പരം സംസാരിക്കാന്‍ അവര്‍ക്കിരുവര്‍ക്കും ആയില്ല. ഇതിനിടെ തന്റെ സ്‌നേഹമറിയിക്കാന്‍ കുഞ്ഞ് തലൂല ഒരു മഴവില്ലിന്റെ ചിത്രം വരച്ച് അതില്‍ 'താങ്ക്യൂ' എന്നെഴുതി അദ്ദേഹത്തിന് നല്‍കി. 

ലോക്ഡൗണ്‍ കാലത്ത് ടിമ്മിനെപ്പോലെ ചിലരെങ്കിലും ജോലി ചെയ്യുന്നതിനാലാണ് തങ്ങള്‍ക്ക് സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ടാകുന്നതെന്ന് അവള്‍ മനസിലാക്കിയിട്ടുണ്ട്. ഇതിന് നന്ദി അറിയിക്കണമെന്ന് അവള്‍ അമ്മ അമി റോബര്‍ട്‌സിനോട് പറഞ്ഞു. അങ്ങനെ മഴവില്ലിന്റെ ചിത്രം ടിമ്മിന് കൈമാറി. അദ്ദേഹം അത് അഭിമാനപൂര്‍വ്വം തന്റെ വാനിന് മുകളില്‍ ഒട്ടിച്ചു. 

ഒരു കൊച്ചുപെണ്‍കുട്ടിക്ക് കേള്‍വിശക്തിയില്ലാത്ത, സാധാരണക്കാരനായ ഒരു ഡ്രൈവറോട് തോന്നിയ സ്‌നേഹത്തിന്റെ പ്രതീകമായി ആ മഴവില്ല്. എന്നാല്‍ ഇതുകൊണ്ടൊന്നും തലൂലയ്ക്ക് മതി വന്നില്ല. എങ്ങനെയും ടിമ്മിനോട് സംസാരിക്കണമെന്നായി. ഒടുവില്‍ അവള്‍ അതിനൊരു പോംവഴിയും കണ്ടെത്തി. 

ആംഗ്യഭാഷ പഠിക്കുക. അല്‍പം പണിപ്പെട്ടാണെങ്കിലും തല്‍ക്കാലം സംസാരിക്കാനുള്ള ചില വാക്യങ്ങളെങ്കിലും അവള്‍ പഠിച്ചെടുത്തു. അടുത്ത തവണ ടിം വാനുമായി വന്നപ്പോള്‍, അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് തലൂല ആംഗ്യഭാഷയില്‍ 'ശുഭദിനം നേരുന്നു'വെന്ന് പറഞ്ഞു. 

തലൂലയുടെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് മുമ്പില്‍ നിറചിരിയുമായി, സന്തോഷത്തോടെയും ഞെട്ടലോടെയും ടിം നിന്നു. തിരിച്ച് ആംഗ്യഭാഷയില്‍ മറുപടിയും നല്‍കി. ഈ വീഡിയോ അമി റോബര്‍ട്‌സ് പിന്നീട് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇത് കാണുകയും കൈമാറുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്. 

 

 

കൊറോണക്കാലത്തെ, കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഇത്രയും ആര്‍ദ്രത അനുഭവപ്പെടുത്തിയ മറ്റൊരു കാഴ്ച കണ്ടിട്ടില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. വീഡിയോ വൈറലായതോടെ ടിമ്മും സന്തോഷത്തിലാണ്. ആളുകളുടെ പ്രതികരണം ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി എന്നാണ് ഇദ്ദേഹം അടുത്ത തവണ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞതത്രേ. അന്ന് തലൂലയേയും ടിമ്മിനേയും വച്ച് കിടിലനൊരു ഫോട്ടോയും അമി പകര്‍ത്തിയ. ഇതും ഇപ്പോള്‍ ട്വിറ്ററില്‍ ഹിറ്റാണ്. 

 

 

ഒരു കുഞ്ഞിന്റെ സ്‌നേഹത്തോളം വിലമതിക്കുന്ന മറ്റൊന്നും ലോകത്തിലില്ലെന്നും ആ അര്‍ത്ഥത്തില്‍ ടിം ഭാഗ്യവാനാണെന്നും പലരും കുറിക്കുന്നു. അവരുടെ സൗഹൃദത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അമ്മ അമിയേയും അഭിനന്ദിക്കാന്‍ ആരും മറന്നില്ല. എല്ലാക്കാലവും ഈ ബന്ധം ഇതുപോലെ സന്തോഷത്തോടെ നിലനില്‍ക്കട്ടേയെന്ന് മാത്രം നമുക്കും ആശംസിക്കാം.

Also Read:- വീണ്ടും വൈറലായി 'സ്മാര്‍ട്ട്' ആട്; ട്വിറ്ററില്‍ കയ്യടി...