അല്‍പം വിചിത്രമായ തീരുമാനമാണെങ്കില്‍ പോലും മിക്കവരും ഇതിനോട് യോജിപ്പാണ് അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിവാഹത്തോടനുബന്ധിച്ച് വീട്ടകാര്‍ നേരിടുന്ന നഷ്ടം ചില്ലറയല്ലെന്നും അതിനെതിരായ ഉചിതമായ പ്രതിഷേധമാണിതെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്

വിവാഹദിവസം നമുക്കറിയാം, ക്ഷണിച്ചവരുടെ എണ്ണത്തിന് അനുസരിച്ചാണ് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ നമ്മള്‍ ഏര്‍പ്പെടുത്താറ്. ഇതില്‍ അധികം പേര്‍ വന്നാലോ, ആളുകള്‍ തീരെ കുറഞ്ഞുപോയാലോ എല്ലാം വീട്ടുകാര്‍ക്ക് അത് അപ്രതീക്ഷിത നഷ്ടമാണ്. 

ആളുകള്‍ കുറഞ്ഞുപോകുമ്പോള്‍ ഭക്ഷണം ധാരാളം ബാക്കിയാകുന്നതും അത് കളയുന്നതോ, പാക്ക് ചെയ്ത് വിതരണം ചെയ്യുന്നതോ എല്ലാം സാധാരണഗതിയില്‍ നമ്മള്‍ കാണാറുള്ള കാഴ്ചയാണ്. മിക്കവരും ഇതില്‍ ദുഖമുണ്ടെങ്കില്‍ പോലും അത് പുറത്തുകാണിക്കാറില്ലെന്നതാണ് സത്യം. 

എന്നാല്‍ ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി വിവാഹദിവസം ക്ഷണിച്ചിട്ടും എത്താതിരുന്നവര്‍ക്ക് അതിന് പകരമായി നോട്ടീസ് അയച്ച് തങ്ങളുടെ പരാതി നേരിട്ടറിയിച്ചിരിക്കുകയാണ് ഷിക്കാഗോയിലുള്ള ഒരു കുടുംബം. ക്ഷണിച്ചവര്‍ക്ക് വേണ്ടി മാറ്റിവച്ച സീറ്റുകള്‍ക്ക് വേണ്ടിവന്ന ചെലവ് നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്. 

ഇക്കാര്യം വിശദമായി എഴുതി സീറ്റൊന്നിന് എത്ര ചെലവ് വരുമെന്നുകൂടി ചേര്‍ത്ത്, സൗകര്യാനുസരണം പണടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നോട്ടീസിലൂടെ. ഈ നോട്ടീസ് പിന്നീടിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. 

അല്‍പം വിചിത്രമായ തീരുമാനമാണെങ്കില്‍ പോലും മിക്കവരും ഇതിനോട് യോജിപ്പാണ് അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിവാഹത്തോടനുബന്ധിച്ച് വീട്ടകാര്‍ നേരിടുന്ന നഷ്ടം ചില്ലറയല്ലെന്നും അതിനെതിരായ ഉചിതമായ പ്രതിഷേധമാണിതെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

Also Read:- വിവാഹവേദിയില്‍ വധൂവരന്മാരുടെ വ്യത്യസ്തമായ പ്രകടനം; വീഡിയോ...