തെന്നിന്ത്യന്‍ സിനിമാലോകത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ബെഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മുപ്പത്തിയൊമ്പതുകാരനായ താരത്തിന്റെ അന്ത്യം. 

ഇരുപതോളം സിനിമകളില്‍ അഭിനയിച്ച ചിരഞ്ജീവി കന്നഡ സിനിമാമേഖലയില്‍ ഏറെ ആദരിക്കപ്പെട്ടിരുന്ന യുവതാരം കൂടിയായിരുന്നു. ഇതിനിടെ ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ സിനിമാലോകത്തെ സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം സര്‍ജ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പതറുകയാണ്. 

 

 

മേഘ്‌നയ്ക്കും സഹോദരന്‍ ദ്രുവ് സര്‍ജയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ഒപ്പമുള്ള രസകരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഈ ലോക്ഡൗണ്‍ കാലത്ത് ചിരഞ്ജീവി പങ്കുവച്ചിരുന്നു. ഏറെ പൊരുത്തമുള്ള ജോഡിയെന്നായിരുന്നു മേഘ്‌നയേയും ചിരഞ്ജീവിയേയും കുറിച്ച് സിനിമാലോകത്തും പുറത്തുമുണ്ടായിരുന്ന വിലയിരുത്തല്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

When quarantine time becomes the most precious time with family members... video courtesy @allu__raghu

A post shared by Chirranjeevi Sarja (@chirusarja) on Mar 23, 2020 at 12:27am PDT

 

നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2018ലാണ് ഇരുവരും വിവാഹിതരായത്. പക്ഷേ, രണ്ട് വര്‍ഷം മാത്രമേ ഇവര്‍ക്ക് ഒന്നിച്ച് ജീവിക്കാനുള്ള ഭാഗ്യമുണ്ടായുള്ളൂ. ഇക്കഴിഞ്ഞ മെയ് 2ന് രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ ചിരഞ്ജീവിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

 

 

വിവാഹവാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് മെസേജയച്ചവര്‍ക്കെല്ലാം താനും ഭര്‍ത്താവും കഴിയുന്നത് പോലെ തിരിച്ച് മറുപടി നല്‍കിയിട്ടുണ്ടെന്നും എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദിയെന്നുമായിരുന്നു ചിത്രത്തോടൊപ്പം മേഘ്‌ന കുറിച്ചിരുന്നത്. 

ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ വിവാഹവീഡിയോയും മേഘ്‌ന വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് വര്‍ഷമായിരിക്കുന്നു. ഇപ്പോഴും എപ്പോഴും ഇങ്ങനെ തന്നെ എന്ന അടിക്കുറിപ്പുമായാണ് വീഡിയോ പങ്കുവച്ചത്. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ഇവരുടെ വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. ഇതില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ മനോഹരമായ വീഡിയോ ആയിരുന്നു മേഘ്‌ന പങ്കുവച്ചിരുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

@classycaptures_official my all time favourite!!!

A post shared by Meghana Raj (@megsraj) on Apr 29, 2020 at 5:22am PDT

 

ഇപ്പോള്‍ ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഘ്‌ന പങ്കുവച്ച വിവാഹവീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്നുനിറയുകയാണ്. ശക്തയായിരിക്കൂവെന്നും, വരാനിരിക്കുന്ന കുഞ്ഞിന് വേണ്ടിയെങ്കിലും സമാധാനപ്പെടണമെന്നുമെല്ലാം ചിരഞ്ജീവിയുടേയും മേഘ്‌നയുടേയും ആരാധകര്‍ കുറിക്കുന്നു. 

ചിരഞ്ജീവിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ പൊട്ടിക്കരയുന്ന മേഘ്‌നയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ആകെയും പ്രചരിച്ചിരുന്നു. ഇരുവരുടേയും സ്‌നേഹബന്ധം അത്രമാത്രം ആഴത്തിലുള്ളതായിരുന്നുവെന്നും അപ്രതീക്ഷിതമായ വേര്‍പാടായതിനാല്‍ അത് വലിയ ആഘാതമാണ് മേഘ്‌നയിലുണ്ടാക്കിയതെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. 

 

 

കടുത്ത നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ചിരഞ്ജീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകാതെ തന്നെ താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. ഇത് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. 

 

 
 
 
 
 
 
 
 
 
 
 
 
 

Thank u soo much @megsraj with u life is soo beautiful...Love u

A post shared by Chirranjeevi Sarja (@chirusarja) on Oct 18, 2019 at 1:02pm PDT

 

ലോക്ഡൗണിന് തൊട്ടുമുമ്പാണ് ചിരഞ്ജീവിയുടെ അവസാന ചിത്രമായ 'ശിവാര്‍ജുന' റിലീസ് ചെയ്തത്. പുതിയ പ്രോജക്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് താരത്തിന്റെ അന്ത്യം. കരിയറില്‍ ഇനിയും എത്രയോ നേട്ടങ്ങള്‍ ബാക്കി കിടക്കവേയാണ് ചിരഞ്ജീവി വിട പറഞ്ഞിരിക്കുന്നതെന്നാണ് സിനിമാസ്വാദകര്‍ ഒന്നടങ്കം പറയുന്നത്. അതിലും വലിയ ശൂന്യതയാണ് സര്‍ജ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്. 

Also Read:- ഞങ്ങള്‍ തമ്മില്‍ 10 വര്‍ഷത്തെ പ്രണയം- തുറന്നുപറഞ്ഞ് മേഘ്ന രാജ്...