നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി വഴക്കിടാറുണ്ടല്ലോ. അല്ലേ... പരസ്പരം സ്നേഹമില്ലാത്തത് കൊണ്ടാണ് പങ്കാളികൾ വഴക്കിടുന്നതെന്നാണ് പൊതുവേ പറയാറുള്ളത്. പങ്കാളികൾ തമ്മിൽ വഴക്കിടുന്നത് വളരെ നല്ലതാണെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്. 

വഴക്കിടുന്നത് പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിനായി ഗവേഷകര്‍ 1000 ആളുകളെ തെരഞ്ഞെടുത്തു. ഇതില്‍ പരസ്പരം വഴക്ക് കൂടുന്ന പങ്കാളികൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 

ചില വിഷയങ്ങളില്‍ യാതൊരു വിധ ചര്‍ച്ചയും നടത്താതെ മൂടി വച്ച് മുന്നോട്ടു കൊണ്ടു പോയവര്‍ കുറച്ചു കാലം കഴിയുമ്പോഴേക്കും പിരിയുന്നതായാണ് കണ്ടെത്തിയതെന്ന്  സഹ-രചയിതാവ് ജോസഫ് ഗ്രെന്നി പറയുന്നു.പ്രശ്നങ്ങൾ ഒളിച്ചുവയ്ക്കാതെ പങ്കാളികൾ തമ്മിൽ പരസ്പരം സംസാരിച്ച് തീർക്കുന്നത് മാനസിക അടുപ്പം കൂട്ടാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. 

 സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാല് പേരും പങ്കാളികള്‍ക്കിടയില്‍ തുറന്നുള്ള സംസാരം ഇല്ലാത്തതു കാരണം തങ്ങളുടെ ബന്ധം തകര്‍ന്നതായി കണ്ടെത്താനായെന്നും ഗ്രെന്നി പറയുന്നു.വീട്ടിലെ അനാവശ്യ ചിലവുകൾ, സെക്സ്, പങ്കാളിയുടെ സഹിക്കാൻ പറ്റാത്ത ചില ശീലങ്ങൾ ഇവയുടെ പേരിലാണ് മിക്ക പങ്കാളികളും വഴക്കിടുന്നതെന്നും പഠനത്തിൽ പറയുന്നു.