ദീപാവലി ആഘോഷവേളയില്‍ നാം നിരവധി മധുരപലഹാരങ്ങള്‍ കഴിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ അത് നിങ്ങളുടെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

ദീപാവലി എന്നാല്‍ ദീപങ്ങളും കൊതിയൂറുന്ന മധുര പലഹാരങ്ങളും നിറഞ്ഞതാണ്. ദീപാവലി ആഘോഷവേളയില്‍ നാം നിരവധി മധുരപലഹാരങ്ങള്‍ കഴിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ അത് നിങ്ങളുടെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും കൃത്യമായി വ്യായാമവും ചെയ്താല്‍ വണ്ണം കൂടാതിരിക്കാന്‍ സഹായിക്കും. ആഘോഷങ്ങള്‍ക്കിടയിലും ശരീര ഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ മധുരപലഹാരങ്ങള്‍ ഒരു പരിധിക്കപ്പുറം കഴിക്കരുത്. അതുപോലെ തന്നെ, ബേക്കറി ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം തുടങ്ങിയവ കഴിക്കുന്നതും ഒഴിവാക്കുക.

രണ്ട്...

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം. ആഘോഷങ്ങള്‍ക്കിടയിലും അതു കൂടി ശ്രദ്ധിക്കാം. 

മൂന്ന്...

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡയറ്റിന് ഏറെ സഹായകമാണ്. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. 

നാല്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

അഞ്ച്...

മദ്യപാനം ആരോഗ്യത്തെ പല രീതിയിലും ദോഷകരമായി ബാധിക്കുമെന്ന് നമുക്കറിയാം. എങ്കിലും ആഘോഷാവസരങ്ങളില്‍ പലരും മദ്യപിക്കാറുണ്ട്. ഇതും ശരീര ഭാരം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. അതിനാല്‍ കഴിവതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ഉചിതം. 

ആറ്...

ആഘോഷങ്ങള്‍ക്കിടയില്‍ വ്യായാമം ചെയ്യാനും മറക്കരുത്. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം. നടത്തം, ഓട്ടം തുടങ്ങി എന്തു വ്യായാമവും ചെയ്യാം.

Also Read: ആഘോഷങ്ങള്‍ക്കിടയിലും ആസ്‍ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...