ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയവര്‍ അവിടെ നിന്ന് വില പിടിപ്പുള്ള പലതും എടുത്തുകൊണ്ടുപോയ കൂട്ടത്തില്‍ അവരുടെ പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെയും എടുത്തുകൊണ്ടുപോയതാണ് വ്യത്യസ്തമായ സംഭവം.

നിത്യേന നമ്മള്‍ പല തരത്തിലുള്ള മോഷണത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ അറിയാറുണ്ട്. അധികവും വീട്ടുടമസ്ഥരോ കെട്ടിടമടസ്ഥരോ ഒന്നുമില്ലാത്തപ്പോള്‍ അകത്തുകയറി മോഷണം നടത്തുന്ന സംഭവങ്ങളാണ് നാം കേട്ടിട്ടുണ്ടാവുക. കാരണം ഇത്തരത്തിലുള്ള മോഷണമാണ് കാര്യമായും നടക്കാറുള്ളത്.

എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പിടിച്ചുപറിയോ, കവര്‍ച്ചയോ എല്ലാം നടക്കാറുണ്ട്. സാധാരണ മോഷണത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇവയെല്ലാം. എന്തെങ്കിലും ആയുധം കാണിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയോ, കീഴ്പ്പെടുത്തിയോ എല്ലാമായിരിക്കും ഇങ്ങനെയുള്ള മോഷണം നടക്കുക. മാല മോഷണമോ, ജ്വല്ലറി കവര്‍ച്ചയോ എല്ലാം ഇതുപോലെ കേട്ടിട്ടില്ലേ?

സമാനമായ രീതിയില്‍ ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയവര്‍ അവിടെ നിന്ന് വില പിടിപ്പുള്ള പലതും എടുത്തുകൊണ്ടുപോയ കൂട്ടത്തില്‍ അവരുടെ പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനെയും എടുത്തുകൊണ്ടുപോയതാണ് വ്യത്യസ്തമായ സംഭവം. ഇത് നടന്നിരിക്കുന്നത് അങ്ങ് വാഷിംഗ്ടണിലാണ്. 

അഞ്ച് ആഴ്ച മാത്രമേ പട്ടിക്കുഞ്ഞിന് പ്രായമുണ്ടായിരുന്നുള്ളൂ. അമേരിക്കൻ ബുള്‍ഡോഗ് ഇനത്തില്‍ പെടുന്ന പട്ടിക്കുഞ്ഞിനെ കാണാൻ ഏറെ ഭംഗിയുള്ളതായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. പ്രത്യേക ഡിസൈനിലുള്ള ചര്‍മ്മമായിരുന്നു അതിനുണ്ടായിരുന്നതെന്നും ഒരുപക്ഷേ കാണാനുള്ള ഈ കൗതുകം തന്നെയാകണം മോഷ്ടാക്കളെയും അതിനെ എടുക്കാൻ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. 

വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് തോക്കേന്തിയ സംഘം ആള്‍ത്താമസമുള്ള വീട്ടില്‍ അതിക്രമിച്ചുകയറിയത്. വീട്ടുകാരെ തോക്ക് ചൂണ്ടി നിശബ്ദമാക്കിയ ശേഷം അവര്‍ വീടാകെ ഒന്ന് പരിശോധിച്ചു. ആയിരക്കണക്കന് ഡോളറിന്‍റെ പല സാധനങ്ങളും അവര്‍ കൈക്കലാക്കി. രണ്ട് ഐ ഫോണ്‍, ഒരു ഡയമണ്ട് കമ്മല്‍, സ്വര്‍ണ മോതിരം, വില കൂടിയ സണ്‍ഗ്ലാസ് പ്ലേ സ്റ്റേഷൻസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.ഇത് കൂടാതെ ജാക്കറ്റുകളും തൊപ്പികളും അടക്കം വസ്ത്രങ്ങളും ഇവര്‍ എടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

എല്ലാമെടുത്ത ശേഷം ഇറങ്ങാൻ തുടങ്ങിയപ്പോഴാണത്രേ ഡീമോ എന്ന സുന്ദരൻ പട്ടിക്കുഞ്ഞിനെ കാണുന്നത്. ഉടനെ തന്നെ അതിനെയും ഇവര്‍ കയ്യിലാക്കുകയായിരുന്നു. അതേസമയം കവര്‍ച്ചാസംഘത്തിലെ ഒരാളുടെ മുഖം സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് സൂചന. എല്ലാവരും മോഷണസമയത്ത് ഹൂഡീയും മാസ്കും ധരിച്ചിരുന്നു. 

Also Read:- ക്രിസ്മസ് സമ്മാനപ്പൊതികള്‍ മോഷ്ടിച്ച് പെണ്‍കുട്ടികള്‍; എന്നാല്‍ പിന്നീട് സംഭവിച്ചത്...