പ്രകൃതിയുമായി മനുഷ്യനുള്ള ബന്ധം, സമൂഹം- പ്രകൃതി- സംസ്‌കാരം, ഭക്ഷണം, ഫാമിംഗ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കണ്ണി ചേര്‍ത്തുകൊണ്ടുള്ള ബൃഹത്തായ പഠനമാണ് കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇതിന് തുടക്കമിട്ട അധ്യാപകനായ ബെന്നോയിറ്റ് ലെന്‍ഗെയിന്‍ പറയുന്നു

അറിവ് നേടിയും, ജോലി നേടിയും ( Good Job ) , സാമ്പത്തികമായി മെച്ചപ്പെട്ടും ( Financial Freedom ) നാം ആത്യന്തികമായി ആഗ്രഹിക്കുന്നത് നല്ല ഭക്ഷണവും മറ്റ് ചുറ്റുപാടകളുമുള്ള സുഖജീവിതം തന്നെയാണ്, അല്ലേ? അതെ, നല്ല ഭക്ഷണം, സന്തോഷം, സുഖകരമായ ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. 

ചിലരുണ്ട്, ഇവയെല്ലാം സമന്വയിപ്പിച്ച് ജീവിതത്തെ ആകെയും ഒരാഘോഷമോ, കലാസൃഷ്ടിയോ പോലെയെല്ലാം ആക്കിത്തീര്‍ക്കുന്നവര്‍. ഇക്കാര്യത്തില്‍ പേരുകേട്ട രാജ്യമാണ് ഫ്രാന്‍സ്. ഫ്രഞ്ച് ഭക്ഷണവും വൈനുമെല്ലാം ലോകമെമ്പാടും പ്രശസ്തമാകുന്നത് തന്നെ ഇങ്ങനെയാണ്. 

അങ്ങനെയെങ്കില്‍ ഫ്രാന്‍സില്‍ നിന്ന് തന്നെ ഈ ജീവിതരീതിയെ കുറിച്ച് വിശദമായി പഠിക്കാന്‍ കഴിഞ്ഞാലോ? 

ഫ്രാന്‍സിലെ ഒരു യൂണിവേഴ്‌സിറ്റി 'ഭക്ഷണം, കുടി, സുഖജീവിതം' എന്ന വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സ് തുടങ്ങുകയാണത്രേ. വെറുതെ ഇവയെല്ലാം കോഴ്‌സിന്റെ പേരില്‍ സൂചിപ്പിക്കുക മാത്രമല്ല. വിശദമായി ഓരോന്നിനെും കുറിച്ച് കോഴ്‌സ് പഠിപ്പിക്കും.

പ്രകൃതിയുമായി മനുഷ്യനുള്ള ബന്ധം, സമൂഹം- പ്രകൃതി- സംസ്‌കാരം, ഭക്ഷണം, ഫാമിംഗ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കണ്ണി ചേര്‍ത്തുകൊണ്ടുള്ള ബൃഹത്തായ പഠനമാണ് കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇതിന് തുടക്കമിട്ട അധ്യാപകനായ ബെന്നോയിറ്റ് ലെന്‍ഗെയിന്‍ പറയുന്നു. 

'ബിഎംവി' എന്നാണേ്രത കോഴ്‌സിന്റെ പേര്. ഫ്രാന്‍സിലെ പേരുകേട്ട പൊളിറ്റിക്കല്‍ സയന്‍സ് സ്‌കൂളായ 'Sciences Po Lille'യിലാണ് കോഴ്‌സ് ഉള്ളത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിന്റെ വിശദാംശങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

Also Read:- ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില 'അസാധാരണ' ഘടകങ്ങള്‍...