ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ തീരാദുഖത്തിലാണ് ലോകമൊട്ടാകെയും ഉള്ള ഫുട്‌ബോള്‍ ആസ്വാദകര്‍. കൊവിഡ് കാലമായതിനാല്‍ വന്‍ സുരക്ഷയോടെയാണ് മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ അര്‍ജന്റീനയില്‍ പുരോഗമിക്കുന്നത്. 

ഇതിനിടെ മറഡോണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത മൂന്ന് ശ്മശാന ജീവനക്കാര്‍ക്കെതിരായ പ്രതിഷേധം വ്യാപകമാവുകയാണ്. പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് മൃതദേഹം എത്തിക്കുന്നതിന് മുമ്പായാണ് മുഖം വ്യക്തമായി കാണത്തക്ക വിധത്തില്‍ മൂന്ന് ജീവനക്കാര്‍ മൃതദേഹത്തോട് ചേര്‍ന്നുനിന്ന് സെല്‍ഫിയെടുത്തത്. 

വൈകാതെ തന്നെ സോഷ്യല്‍ മീഡിയകളിലൂടെ ഈ ഫോട്ടോകള്‍ ഇവര്‍ പുറത്തുവിടുകയും ചെയ്തു. തമ്പ്‌സ് അപ് കാണിച്ച് മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുക്കുന്നത് മരിച്ചയാളോട് കാണിക്കുന്ന അനാദരവാണെന്ന് തന്നെ അഭിപ്രായങ്ങളുയര്‍ന്നു. ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായ മറഡോണയെ പോലൊരു വ്യക്തിയോട് ഇത്തരത്തില്‍ അനാദരവ് കാട്ടിയത് അംഗീകരിക്കാനാകില്ലെന്ന വാദവുമായി നിരവധി പേര്‍ രംഗത്തെത്തി. 

മറഡോണയുടെ അഭിഭാഷകനായ മാത്തിയാസ് മോര്‍ലയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മറഡോണയ്ക്ക് വേണ്ടി അദ്ദേഹം ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നാണ് സൂചന. 

സംഭവം വിവാദമായതോടെ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് ശ്മശാനം മാനേജര്‍ അറിയിക്കുന്നത്. പുറത്തുനിന്ന് ഏജന്‍സി മുഖാന്തരം താല്‍ക്കാലികമായി എടുത്ത ജീവനക്കാരാണ് ഇവര്‍ മൂന്ന് പേരുമെന്നും സംഭവം അറിഞ്ഞതിന് പിന്നാലെ അവരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങിയെടുത്തുവെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. 

മറഡോണയുടെ ഭൗതികശരീരമടങ്ങിയിരിക്കുന്ന പെട്ടിയെങ്കിലും ഒരുനോക്ക് കാണാന്‍ തെരുവില്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇതിനിടെയാണ് ശ്മശാന ജീവനക്കാരുടെ സെല്‍ഫി പുറത്തുവന്നിരിക്കുന്നത്.

മാതാപിതാക്കള്‍ ഉറങ്ങുന്ന അതേ മണ്ണില്‍ ജാര്‍ഡിന്‍ ഡേ പാസ് ശ്മശാനത്തിലായിരിക്കും മറഡോണയുടേയും നിത്യ നിദ്ര. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മറഡോണയുടെ മരണകാരണമായത്. ഹൃദയപേശികള്‍ ദുര്‍ബലമായി വരികയും അവയ്ക്ക് ശരീരത്തിലേക്കാവശ്യമായത്രയും രക്തം പമ്പ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന 'ഡയലേറ്റഡ് കാര്‍ഡിയോമയോപതി' ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

Also Read:- 'ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണോ ഇത്'; കുഞ്ഞിനേയും കൊണ്ട് പിതാവിന്റെ 'ഭ്രാന്തന്‍ ഫോട്ടോഷൂട്ട്'...