'ഡിയോഗോ' എന്ന ആമ സാന്‍ ഡിയോഗോ സൂവില്‍ എത്തിയപ്പോള്‍ അവിടെ ഈ ഇനത്തില്‍പ്പെട്ട പത്തിനഞ്ച് ആമകള്‍ മാത്രമേ ഉണ്ടായിരുന്നോള്ളൂ. എന്നാല്‍ 800 കുട്ടികളുടെ പിതാവാണ് ഡിയേഗോ. ഗാലപ്പോസ് ദ്വീപുകളിലെ ഡിയേഗോ എന്ന ഭീമന്‍ ആമ മുത്തച്ഛന്‍റെ കഥയാണ് പറഞ്ഞുവരുന്നത്. തന്‍റെ വംശത്തിന്‍റെ നിലനില്‍പ്പിനായി ഡിയേഗോ നല്‍കിയ സംഭാവനകളാണ് 800 ആമക്കുഞ്ഞുങ്ങള്‍.  

കെലോനോയിഡിസ് ഹൂഡെന്‍സിസ് എന്ന സ്പീഷില്‍പ്പെടുന്നതാണ് ഈ ഭീമന്‍ ആമ. ഈ വിഭാഗത്തില്‍പ്പെട്ട ആമകളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി 1960ല്‍ ഇക്വഡോര്‍ പരിസ്ഥിതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയിലൂടെയാണ് ഡിയേഗോ 800 ആമക്കുഞ്ഞുങ്ങളുടെ പിതാവായത്. 50 വര്‍ഷം നീണ്ടുനിന്ന ദൗത്യത്തിന്‍റെ ഭാഗമായാണിത്. 

കെലോനോയിഡിസ് ഹൂഡെന്‍സിസ് വംശത്തിന്‍റെ നിലനില്‍പ്പിനായി തുടങ്ങിയ പ്രജനന പദ്ധതിയില്‍ ആദ്യം 12 പെണ്‍ ആമകളും രണ്ട് ആണ്‍ ആമകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 50 വര്‍ഷം കൊണ്ട് രണ്ടായിരം ആമക്കുഞ്ഞുങ്ങളാണ് പദ്ധതിയിലൂടെ പിറന്നത്. ഇതില്‍ 800 എണ്ണത്തിന്‍റെയും പിതാവ് ഡിയേഗോ ആയിരുന്നു. 

സാന്താക്രൂസ് ദ്വീപിലുള്ള ആമകളില്‍ 40 ശതമാനവും ഡിയേഗോയുമായി രക്തബന്ധമുള്ളവരാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ജീവിതത്തിന്‍റെ പകുതിയിലേറെ കാലയളവിലും പ്രജനന പദ്ധതിയുടെ ഭാഗമായിരുന്ന ഡിയേഗോക്ക് ഇപ്പോള്‍ 100 വയസ്സില്‍ കൂടുതലുണ്ട്. 

Read More: കാട്ടുതീ: വനത്തില്‍ വിശന്നു വലഞ്ഞ മൃഗങ്ങള്‍ക്ക് ആശ്വാസമായി 'ആകാശത്ത് നിന്ന്' ക്യാരറ്റും മധുരക്കിഴങ്ങും

കെലോനോയിഡിസ് ഹൂഡെന്‍സിസ് വിഭാഗത്തിലെ ആമകളുടെ എണ്ണം വര്‍ധിച്ചതോടെ അടുത്തിടെ അക്വഡോര്‍ പരിസ്ഥിതി മന്ത്രാലയം ഈ പ്രജനന പദ്ധതി നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഡിയേഗോയെയും പ്രജനനത്തിനായി സൂക്ഷിച്ച മറ്റ് ആമകളെയും കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.