കൊവിഡ് രോ​ഗത്തിൽ നിന്ന് ഭേദമായി ഡിസ്ച്ചാര്‍ജ് ചെയ്ത രോ​ഗികളെ ആലിംഗനം ചെയ്ത് യാത്ര അയച്ച ​​​ഗോവയിലെ ഒരു ഡോക്ടറാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഗോവ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. എഡ്‌വിന്‍ ഗോമസാണ് കൊവിഡിനെ അതിജീവിച്ചവർക്ക് ആലിംഗനം ചെയ്ത് യാത്രയയപ്പ് നൽകിയത്. 

കൊവിഡ് ഭേദമായ ഏകദേശം 190 പേരെയാണ് ആലിംഗനം ചെയ്ത് ഡോ. എഡ്‌വിന്‍ അവരെ യാത്രയാക്കിയത്. ''കൊവിഡിനെതിരെ പോരാടി ജയിച്ചവരെ സ്വീകരിക്കുകയാണ് വേണ്ടത്. അവരെ ഒരു കാരണവശാലും മാറ്റി നിർത്തരുത് '' - ആശുപത്രിയിലെ 98 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഡോ. ഗോമസ് ന്യൂസ് ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

കൊവിഡിനെ അതിജീവിച്ചവരെ ' കൊവിഡ് മാലാഖമാർ' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കൊവിഡിനെ അതിജീവിച്ചവരുടെ പ്ലാസ്മ മറ്റ് കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കാമെന്നും ഡോക്ടര്‍ പറയുന്നു. സുഖം പ്രാപിച്ച രോഗികളാണ് അവരുടെ ആരോഗ്യ അനുഭവം മറ്റുള്ളവരുമായി പങ്കിടാൻ ഏറ്റവും നല്ല വ്യക്തികളെന്നും ഡോ. ഗോമസ് പറയുന്നു.

അണുബാധയിൽ നിന്ന് കരകയറിയ ശേഷം ആശുപത്രിയിലെ മറ്റ് രോഗികളെ സഹായിച്ച ഒരു രോഗിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഗോവയിലെ വാസ്‌കോ പട്ടണത്തിലെ കൊവിഡ്-19 ഹോട്ട്‌സ്‌പോട്ടായ മാംഗോര്‍ ഹില്ലില്‍ നിന്നുള്ള രോഗിയായിരുന്നു അദ്ദേഹം. രോഗം മാറിയതിനെത്തുടര്‍ന്ന് മറ്റ് രോഗികള്‍ക്ക് ഭക്ഷണം നല്‍കാനും മറ്റും സഹായിക്കാന്‍ അദ്ദേഹം ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ഡോ. ഗോമസ് പറയുന്നു. 

മാംഗോര്‍ ഹിൽ പ്രദേശത്ത് നിന്ന് ആശുപത്രിയിലെത്തിയ നിരവധി കൊവിഡ് -19 രോഗികളുടെ ആരോഗ്യനില മോശമാണെന്നും ഡോക്ടർ പറഞ്ഞു. 

കൊവിഡ് 19; കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ 15 മാർ​​ഗ നിർദേശങ്ങൾ...