Asianet News MalayalamAsianet News Malayalam

'ആധാര്‍ കാണിച്ചിട്ട് കേറിയാ മതി'; വൈറലായി വിവാഹസദ്യക്കിടെയുള്ള വീഡിയോ

വിവാഹ വീഡിയോകള്‍ ആണെങ്കിലും കാഴ്ചക്കാരെ ധാരാളം ലഭിക്കാറുണ്ട്, വിവാഹത്തിലെ വ്യത്യസ്തമായ ആചാരങ്ങള്‍, ആഘോഷത്തിലെ വൈവിധ്യങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വൈറലാകാറുണ്ട്. അതുപോലെ വിവാഹവീടുകളിലുണ്ടാകുന്ന രസകരമാകുന്ന സംഭവങ്ങളും ഇങ്ങനെയുള്ള വൈറല്‍ വിവാഹ വീഡിയോകളുടെ ഉള്ളടക്കമാകാറുണ്ട്.

guests showing aadhaar card to brides relatives to enter wedding hall
Author
First Published Sep 27, 2022, 11:54 AM IST

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ചില വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് അപ്രതീക്ഷിതമായി വരുന്ന രസകരമായ സംഭവങ്ങള്‍ ആണ് ഇത്തരത്തില്‍ ഏറെയും കാഴ്ചക്കാരെ പിടിച്ചുപറ്റാറ്. 

ഇക്കൂട്ടത്തില്‍ വിവാഹ വീഡിയോകള്‍ ആണെങ്കിലും കാഴ്ചക്കാരെ ധാരാളം ലഭിക്കാറുണ്ട്, വിവാഹത്തിലെ വ്യത്യസ്തമായ ആചാരങ്ങള്‍, ആഘോഷത്തിലെ വൈവിധ്യങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വൈറലാകാറുണ്ട്. അതുപോലെ വിവാഹവീടുകളിലുണ്ടാകുന്ന രസകരമാകുന്ന സംഭവങ്ങളും ഇങ്ങനെയുള്ള വൈറല്‍ വിവാഹ വീഡിയോകളുടെ ഉള്ളടക്കമാകാറുണ്ട്.

അത്തരത്തില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വിവാഹ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവാഹത്തിന് ക്ഷണിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയാല്‍ പലപ്പോഴും അത് വീട്ടുകാര്‍ക്ക് വലിയ ബാധ്യത സൃഷ്ടിക്കാറുണ്ട്. ഇങ്ങനെ ക്ഷണിക്കാത്ത വിവാഹങ്ങള്‍ക്ക് പോകുന്നവരും ഏറെയാണ്. 

സമാനമായി ഒരു വിവാഹത്തിന് പ്രതീക്ഷിച്ചതിലധികം അതിഥികളെത്തിയപ്പോള്‍ തിരക്ക് നിയന്ത്രിക്കാൻ വീട്ടുകാര്‍ ചെയ്തൊരു പോംവഴിയാണ് വീഡിയോ വൈറലാകാൻ കാരണമായത്. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. 

ക്ഷണക്കത്ത് കാണിച്ചാലേ വിവാഹത്തിന് കയറ്റൂ, സദ്യ നല്‍കുന്ന ഹാളില്‍ കയറ്റൂ എന്നെല്ലാമുള്ള നിബന്ധനകള്‍ നേരത്തെ ഉള്ളതാണ്. എന്നാലിവിടെ ക്ഷണക്കത്തല്ല, പകരം ആധാര്‍ കാര്‍ഡാണ് വധുവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്. ഇവരുടെ വിവാഹം നടക്കുന്ന അതേയിടത്തില്‍ മറ്റ് വിവാഹങ്ങളും നടന്നിരുന്നുവത്രേ. അങ്ങനെ വരന്‍റെ വീട്ടുകാരെത്തിയപ്പോഴേക്ക് വിവാഹം നടക്കുന്ന സ്ഥലം തിരക്ക് കൊണ്ട് കവിഞ്ഞു. ഇതോടെയാണ് ആധാര്‍ കാര്‍ഡ് കാണിച്ച്, ബന്ധുക്കളാണെന്ന് ഉറപ്പുവരുത്തിയ ശേഷം സദ്യക്ക് കയറിയാല്‍ മതിയെന്ന് വധുവിന്‍റെ വീട്ടുകാര്‍ തീരുമാനിച്ചത്.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ്. ഇതാണിപ്പോള്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നതും പങ്കുവച്ചിരിക്കുന്നതും. അതിഥികള്‍ ആധാര്‍ കാര്‍ഡ് കാണിക്കുന്നതും, വധുവിന്‍റെ ബന്ധുക്കള്‍ അത് പരിശോധിക്കുന്നതും, പരിശോധിച്ച ശേഷം മാത്രം ആളുകളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. 

വീഡിയോ...

 

Also Read:- 'പത്ത് വര്‍ഷത്തോളമായി ഉയര്‍ത്തിയ കൈ താഴ്ത്തിയിട്ട്'; വിചിത്രമായ സംഭവം

Follow Us:
Download App:
  • android
  • ios