Asianet News MalayalamAsianet News Malayalam

തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാം ഈ ഏഴ് ഹെയർ മാസ്കുകൾ...

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. 

hair masks to prevent hair loss
Author
Thiruvananthapuram, First Published Dec 13, 2020, 3:03 PM IST

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. പല തരം ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ കുറച്ചൊന്നുമല്ല. 

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഹെയര്‍ മാസ്കുകളുടെ ഉപയോഗം. 

hair masks to prevent hair loss

 

വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം. 

ഒന്ന്...

പോഷകങ്ങളുടെ കലവറയാണ് മുട്ട. തലമുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. ഇതിനായി മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ഒരു ഹെയർ മാസ്ക് പരിചയപ്പെടാം. ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

രണ്ട്...

മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് തേനും ഒലീവ് ഓയിലും.  രണ്ട് ടീസ്പൂൺ തേനും നാല് ടീസ്പൂൺ ഒലീവ് എണ്ണയും യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം. 

മൂന്ന്...

ആപ്പിൾ സിഡർ വിനഗർ തലമുടിക്ക് നല്ലതാണ്. ഇത് തലയോട്ടിയിലെ ഫംഗസിനെ അകറ്റുക മാത്രമല്ല, മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനഗറും വെളിച്ചെണ്ണയും ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇവ തലയിൽ തേച്ച് പിടിപ്പിക്കാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് തലമുടി തഴച്ച് വളരാൻ സഹായിക്കും.

നാല്...

കറ്റാര്‍വാഴയുടെ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ  ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെൽ എടുത്ത് നന്നായി ഇളക്കി മൃദുവാക്കി മാറ്റുക. ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യാം.

അഞ്ച്...

നാരങ്ങാനീരും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇത് സഹായിക്കും.

ആറ്...

തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഉലുവ. ഒരു രാത്രി വെള്ളത്തിലിട്ട് ഉലുവ കുതിർത്ത് എടുക്കുക. രാവിലെ ഇതെടുത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഈ കുഴമ്പ് തലയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

ഏഴ്...

തൈരും പഴവും കേശസംരക്ഷണത്തിന് മികച്ചതാണ്. ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേക്ക്  ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് മിക്സിയിലടിക്കുക. ലഭിക്കുന്ന മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കാം.

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്ക് !

Follow Us:
Download App:
  • android
  • ios