നമ്മുടെയെല്ലാം വീടുകളില്‍ മിക്കവാറും ഭക്ഷണം കഴിക്കാനുപയോഗിക്കുന്നത് സ്റ്റീല്‍ പ്ലേറ്റുകളാണ്. കൈകാര്യം ചെയ്യാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നുള്ളതിനാലും ദീര്‍ഘകാലം ഉപയോഗിക്കാമെന്നതിനാലുമാണ് വീടുകളില്‍ സ്റ്റീല്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത്. 

എന്നാല്‍ വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഫാന്‍സി പ്ലേറ്റുകള്‍ക്ക് വേറെത്തന്നെ ഒരാകര്‍ഷണമുണ്ട്. എന്നുവച്ച് നിത്യോപയോഗത്തിന് അവ ഉപകരിക്കുമോ? നമ്മുടെ വീടുകളില്‍ തന്നെ വിരുന്നുകാര്‍ വരുമ്പോഴോ, അതല്ലെങ്കില്‍ അത്രയും പ്രധാനപ്പെട്ട ഒരവസരം വരുമ്പോഴോ ഒക്കെയാണ് ഫാന്‍സി പ്ലേറ്റുകള്‍ പുറത്തിറക്കുക, അല്ലേ? 

അതേസമയം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളമായി കാണുന്ന വിഭവങ്ങളുടെ ചിത്രങ്ങളിലൊന്നും അധികവും സ്റ്റീല്‍ പ്ലേറ്റുകള്‍ കാണാറില്ല. ഇതിനര്‍ത്ഥം, സ്റ്റീല്‍ പ്ലേറ്റുകളുടെ ഉപയോഗം കുറയുന്നു എന്നായിരിക്കുമോ, ഫാന്‍സി പ്ലേറ്റുകളുടെ സൗന്ദര്യത്തില്‍ ആളുകള്‍ കൂട്ടമായി ഭ്രമിച്ചുവോ!

ട്വിറ്ററില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന ഒരു ചൂടന്‍ ചര്‍ച്ചയാണിത്. എല്ലാവരും സ്റ്റീല്‍ പ്ലേറ്റുപയോഗം നിര്‍ത്തിയോ എന്നറിയാന്‍ ഒരാള്‍ ട്വീറ്റ് ചെയ്തതോടെ പിന്നാലെ നിരവധി പേരാണ് പ്രതികരണമറിയിച്ച് എത്തിയത്. 

 

 

നിങ്ങളില്‍ പലര്‍ക്കും ഒരുപക്ഷേ ഈ തോന്നല്‍ ഉണ്ടായിട്ടുണ്ടാകാം. കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിന് നമ്മള്‍ സ്റ്റീല്‍ പ്ലേറ്റാണ് ഉപയോഗിക്കുന്നത്. പക്ഷേ വേറെങ്ങും അത് കാണുന്നില്ലല്ലോ, ഇനി നമ്മള്‍ മാത്രമാണോ ഇപ്പോഴും ഇതൊക്കെ ഉപയോഗിക്കുന്നത് എന്ന തരത്തിലുള്ള സംശയങ്ങള്‍ നിങ്ങളുടെ ഉള്ളിലും വന്നുപോയിട്ടുണ്ടാകാം. 

മിക്കവരും സ്റ്റീല്‍ പ്ലേറ്റ് ഉപയോഗം തുടരുന്നുണ്ട് എന്ന് തന്നെയാണ് അറിയിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലും മറ്റും വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫാന്‍സി പ്ലേറ്റുകളെയാണ് ആശ്രയിക്കുന്നതെന്ന് മാത്രം. നിത്യോപയോഗത്തിന് സ്റ്റീല്‍ പ്ലേറ്റുകളെ വെല്ലാന്‍ മറ്റൊന്നുമില്ലെന്ന് തന്നെയാണ് ഭൂരിപക്ഷാഭിപ്രായം. എന്തായാലും അല്‍പം വ്യത്യസ്തവും എന്നാല്‍ നമുക്ക് താല്‍പര്യം തോന്നുന്നതുമായ ഒരു ചെറു ചര്‍ച്ച തന്നെയായിരുന്നു ട്വിറ്ററില്‍ നടന്നത് എന്ന് പറയാം.

Also Read:- ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷണഭ്രമം ഒഴിവാക്കാന്‍ ചില കുഞ്ഞ് 'ടിപ്‌സ്'...