നീളമുളള തലമുടി വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. തലമുടി കൊഴിച്ചിലാണ് പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുന്നത്. ചിലര്‍ക്ക് താരനും. താരന്‍ അകറ്റാനും മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും പല പരീക്ഷണങ്ങളും ചെയ്യുന്നവരുണ്ട്.  

തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് സവാള എന്നാണ് വിദഗ്ധര്‍ പറയുന്നത്. സള്‍ഫര്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി, ബി6 എന്നിവ ധാരാളം അടങ്ങിയതാണ് സവാള.

താരൻ അകറ്റാനും തലമുടികൊഴിച്ചിൽ മാറ്റാനും മുടി തഴച്ച് വളരാനും  സവാള ജ്യൂസ് സഹായിക്കും എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് മുബൈയിലെ ഡര്‍മറ്റോളജിസ്റ്റായ ഡോ. പല്ലവി. സവാള ജ്യൂസിന്‍റെ രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്നും തലമുടിയുടെ കറുപ്പ് നിറത്തെ നിലനിര്‍ത്താനും ഇത് സഹായിക്കുമെന്നും ഡോ. പല്ലവി പറയുന്നു.  

 

ഉപയോഗിക്കുന്ന വിധം...

സവാളയുടെ തൊലി കളഞ്ഞ് ചെറുതായി അരിയുക. ശേഷം മിക്സിയില്‍ അടിച്ച് ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് നീര് മാത്രം അരിച്ചെടുക്കുക. ദിവസവും ഇരുപത് മിനിറ്റ് നേരത്തേക്കെങ്കിലും തലയില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതിന് ശേഷം കഴുകിക്കളയാം. 

സവാള കൊണ്ടുള്ള ചില ഹെയര്‍ പാക്കുകള്‍ നോക്കാം...

ഒന്ന്...

സവാള ജ്യൂസിലേക്ക്  ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം ഇത് തലമുടിയില്‍ പുരട്ടാം.  15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും ഈ പാക്ക് വളരെയധികം നല്ലതാണ്. 

 

രണ്ട്...

രണ്ട് ടീസ്പൂൺ സവാള ജ്യൂസിലേക്ക് ഒരു സ്പൂൺ ഒലീവ് ഓയില്‍ ചേർത്ത് മിശ്രിതമാക്കുക.  ശേഷം തലയിൽ പുരുട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന്  ശേഷം ഷാമ്പൂ ഉപയോ​ഗിച്ച് കഴുകി കളയാം. 

മൂന്ന്...

രണ്ട് ടീസ്പൂൺ തൈരും ഒരു ​​ഗ്ലാസ് സവാള ജ്യൂസും ചേർത്ത് തലയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക.  20 മിനിറ്റിന് ശേഷം ഷാമ്പൂ ഉപയോ​ഗിച്ച് കഴുകാം. 

Also Read: മുഖത്തെ രോമങ്ങൾ കളയാന്‍ ഇതാ പപ്പായ കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക്...