കൊവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെപ്പറ്റി വായിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ് നമ്മളില്‍ അധികം ആളുകളും. ശരീരത്തിന്റെ ആരോഗ്യവും പ്രതിരോധശേഷിയും ഒക്കെ എത്ര പ്രധാനപ്പെട്ടതാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. 

എന്നാല്‍ മനസ്സിന്റെ പ്രതിരോധശേഷിയെപ്പറ്റി നമ്മള്‍ അധികം ചിന്തിക്കാറുണ്ടോ? ശരീരത്തിനെയും മനസ്സിനെയും ഒരേപോലെ സുസ്ഥിതിയിലാക്കി വയ്ക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം. എല്ലാ പ്രശ്നങ്ങളും അവസാനിച്ചശേഷം മനസ്സിന്‍റെ സമാധാനത്തിനായി സമയം കണ്ടെത്താം എന്നല്ല, ഏതു സാഹചര്യത്തിലും സമാധാനം കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ് നാം ചെയ്യേണ്ടത്.

മനസ്സിന് പ്രതിരോധശേഷി കുറഞ്ഞാല്‍ എന്താവും സംഭവിക്കുക?

1.    വിമർശനങ്ങള്‍ ഒന്നും തന്നെ താങ്ങാന്‍ കഴിയാതെ വരും.
2.    എന്ത് ചെറിയ പ്രശ്നങ്ങളും മനസ്സിനെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന അവസ്ഥയുണ്ടാവും.
3.    എന്തെങ്കിലും രോഗം ഉണ്ടോ എന്ന സംശയം തുടർച്ചയായി മനസ്സിലേക്ക് വരും
4.    എന്തു തീരുമാനം എടുക്കേണ്ടി വരുമ്പോഴും മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്നതിന് അമിത പ്രാധാന്യം കൊടുക്കുകയും തീരുമാനങ്ങള്‍ എടുക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
5.    ഭയംമൂലം ആളുകളെയും സാഹചര്യങ്ങളെയും ഒഴിവാക്കും
6.    ഒറ്റയ്ക്കിരിക്കാന്‍ തോന്നുക.
7.    ഉറങ്ങാന്‍ കഴിയാതെ വരിക. 
8.    ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്നു ദേഷ്യം വരിക
9.    ആത്മവിശ്വാസം ഇല്ലാതെ വരിക
10.    സങ്കടം/ കരച്ചില്‍
11.    ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
12.    കഴിഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള ചിന്തകള്‍ വീണ്ടും വീണ്ടും മനസ്സിനെ അസ്വസ്ഥമാക്കുന്ന അവസ്ഥ
13.    ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുക
14.    എങ്ങനെയെങ്കിലും ഒന്നു മരിച്ചാല്‍ മതിയെന്ന് തോന്നുക

എങ്ങനെ മനസ്സിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം?

ശരീരത്തിന്റെ ആരോഗ്യവും പ്രതിരോധശേഷിയും ഒക്കെ വര്‍ദ്ധിപ്പിക്കാന്‍ എല്ലാ ദിവസവും സമയം മാറ്റിവയ്ക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഒരു ദിവസം എത്ര സമയം നാം കണ്ടെത്തുന്നുണ്ട്? മനസ്സിന്റെ സമാധാനം നഷ്ടമാകാനുള്ള ഏറ്റവും പ്രധാന കാരണം നമ്മുടെ നെഗറ്റീവ് ചിന്തകളാണ്. നെഗറ്റീവ് ആയി ചിന്തിക്കാതെ ഇരിക്കൂ എന്നാരെങ്കിലും നമ്മളോടു പറയുമ്പോൾ അത് പറയുന്ന അത്ര എളുപ്പമല്ല അതു പ്രാവർത്തികമാക്കാന്‍. 

നെഗറ്റീവും പോസിറ്റീവുമായ പല ചിന്തകളും മനസ്സിലേക്ക് എപ്പോഴും വന്നുകൊണ്ടിരിക്കും. എന്നാല്‍ എങ്ങനെ നെഗറ്റീവ് ചിന്തകൾക്ക്  പ്രാധാന്യം നൽകാതെ മനസ്സിനെ പരമാവധി സമാധാനത്തില്‍ ആക്കിവയ്ക്കാം എന്നു പഠിച്ചെടുക്കുകയാണ് വേണ്ടത്. ഇതു സാധ്യമാക്കാൻ മന:ശാസ്ത്ര ചികിത്സയിലൂടെ കഴിയും.

ചിന്താരീതികളില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതിലൂടെ ഭയം അകലുകയും ജീവിതത്തില്‍ പ്രതീക്ഷ ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയും ചെയ്യും. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താന്‍ എത്ര സമയം നാം ഉപയോഗിക്കുന്നുണ്ടോ അത്ര സമയം തന്നെ എല്ലാ ദിവസവും മനസ്സിന്റെ ആരോഗ്യത്തിനായും മാറ്റിവച്ചേ മതിയാവൂ. 

പ്രത്യേകിച്ചും ഈ കൊവിഡ് കാലത്ത് ശുചിത്വ പരിപാലനം എത്രമാത്രം പ്രധാനമാണോ അത് ശരീരത്തിന്റെതു മാത്രമായി ഒതുങ്ങിയാല്‍ പോരാ മനസ്സിന്റെയും കൂടി ആകണം. നെഗറ്റീവ് ചിന്തകള്‍ മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തിക്കളയാതെ ഇരിക്കാന്‍ 'relaxation training' പോലെയുള്ള മന:ശാസ്ത്ര പരിശീലനം സഹായിക്കും. 

മനസ്സിനെ ശാന്തമാക്കാന്‍ ഇത്തരം കാര്യങ്ങള്‍ ദിനചര്യയില്‍ ഉൾപ്പെടുത്തേണ്ടത് മാനസിക സമ്മർദ്ദം വളരെ കൂടാന്‍ സാധ്യതയുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമാണ്. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഇല്ലാത്തവരായി ആരും കാണില്ല, പക്ഷേ പ്രശ്നങ്ങളെ അതിജീവിച്ച് എത്ര വേഗം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നമുക്കോരുത്തർക്കും കഴിയുന്നു എന്നതാണ് പ്രധാനം. അതിനായി പ്രശ്നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നുപോകാതെ പിടിച്ചുനിൽക്കാന്‍ മനസ്സിനെ ശാന്തമാക്കി വയ്ക്കുക എങ്ങനെ എന്നു പഠിക്കുകയാണ് വേണ്ടത്.

ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ? എപ്പോഴും ഭയമാണോ?

എഴുതിയത്:

പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC), തിരുവല്ല
For appointments call: 8281933323
Telephone consultation only