പൊതുവേ ആളുകളിലുള്ള ഒരു ധാരണയാണ് ഭക്ഷണം ഒരുപാട് കഴിക്കുന്നതുകൊണ്ടു മാത്രമാണ് വണ്ണം വയ്ക്കുന്നതെന്ന്. വണ്ണം വയ്ക്കുന്നതിന് പല ഘടകങ്ങൾ ഉണ്ട് എന്ന കാര്യം പലരും ഓർക്കാറില്ല. അതുപോലെ തന്നെ അമിത വണ്ണം കുറയ്ക്കാനായി ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാല്‍ കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയുമാണ് പ്രധാനമായി വേണ്ടത്. 

ഭക്ഷണം കഴിക്കുന്നതിനും ഒരു രീതിയുണ്ട്. നിങ്ങൾ കഴിക്കുന്ന വേഗത പോലും ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. വേഗത്തിലുള്ള ഭക്ഷണ ശീലം, മുഴുവൻ ചവയ്ക്കാതെ വിഴുങ്ങുന്നതുമെല്ലാം  ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ശരീരഭാരം നിയന്ത്രിക്കാനായി കൃത്യമായ ഡയറ്റ് മാത്രം പിന്തുടർന്നാൽ പോരാ, മറിച്ച് അവ കൃത്യമായ രീതിയിൽ സമയമെടുത്ത് കഴിക്കേണ്ടത് അത്യാവശ്യമാണ്. അതായത്, ഭക്ഷണം വിഴുങ്ങുന്നതിന് മുൻപ് കുറഞ്ഞത് 15-20 സെക്കൻഡ് നേരത്തേക്ക് അത് ചവയ്ക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഭക്ഷണം പതുക്കെ കഴിക്കുന്നത് നിങ്ങൾ കഴിക്കുന്ന അളവ് സ്വയം തിരിച്ചറിയാൻ  സഹായിക്കുമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പതുക്കെ ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾ സാധാരണയായി കഴിക്കുന്നതിന്റെ കുറച്ച് ഉള്ളിൽ ചെല്ലുമ്പോൾ തന്നെ വയറ് നിറഞ്ഞിരിക്കുന്നുവെന്ന് തോന്നും. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇതുവഴി ഭക്ഷണം നിയന്ത്രിക്കാനും കഴിയും. അത് മാത്രമല്ല, ദഹനപ്രക്രിയ നന്നായി നടക്കുന്നതിനും ഇത് സഹായിക്കും. 

അതുപോലെ തന്നെ, നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ നിന്നും വ്യതിചലിപ്പിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണും ടിവിയും ഉപയോഗിക്കുന്നത് പരമാവധി അകറ്റിനിർത്തുക. എങ്കില്‍ മാത്രമേ നിങ്ങൾ കഴിക്കുന്ന അളവ് സ്വയം തിരിച്ചറിയാനും എപ്പോള്‍ ഭക്ഷണം മതിയാക്കണം എന്ന് നിങ്ങള്‍ക്ക് മനസ്സിലാവുകയുമുള്ളൂ എന്നും 'അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ഈ പറഞ്ഞ കാര്യങ്ങളോടൊപ്പം കലോറി അടങ്ങിയ ഭക്ഷണം, എണ്ണയില്‍ വറുത്ത ഭക്ഷണം, പഞ്ചസാര ധാരളമടങ്ങിയ ഭക്ഷണം, കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കുക. പച്ചക്കറി, പഴങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം, ഗോതമ്പ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൂടാതെ വെള്ളം നന്നായി കുടിക്കുകയും വ്യായാമം മുടങ്ങാതെ ചെയ്യുകയുമാണെങ്കില്‍ ഒരു പരിധി വരെ ശരീരഭാരത്തെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം. 

Also Read: അമിതവണ്ണം കുറയ്ക്കാന്‍ 14 എളുപ്പവഴികൾ...