ചര്‍മ്മത്തിന്‍റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക എന്നത് അത്യാവശ്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും.

പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. എണ്ണമയമുളള ചര്‍മ്മക്കാര്‍  എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.  

അതുപോലെ തന്നെ, വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ  മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം കുറയും. അത്തരം ചില മാസ്ക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

എണ്ണമയം നിയന്ത്രിക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്‌. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ മുട്ടയുടെ വെള്ളയും സഹായകമാണ്‌. ഇതിനായി രണ്ട്‌ ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളയും രണ്ട്‌ ടീസ്‌പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത്‌ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.  

രണ്ട്...

കറ്റാര്‍വാഴയും ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കാന്‍ സഹായിക്കും. കറ്റാർവാഴയുടെ പൾപ്പ് ഒരു മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേയ്ക്ക് മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

മഞ്ഞളും തേനും കൊണ്ടുള്ള കൂട്ടും എണ്ണമയം അകറ്റാന്‍ സഹായിക്കും. ആദ്യം തേനും മഞ്ഞളും യോജിപ്പിച്ച് മിശ്രിതമാക്കാം.  ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.   20 മിനിറ്റിന് ശേഷം കഴുകിക്കളയാം. 

നാല്...

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടീസ്പൂൺ കട്ടത്തൈര് എന്നിവ യോജിപ്പിക്കുക. കുഴമ്പ് പരുവത്തിൽ മിശ്രിതം ആകുന്നത് വരെ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: വരണ്ട ചർമ്മമുള്ളവർ ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്...