ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അതില്‍ മുഖത്ത് കാണപ്പെടുന്ന കറുത്ത പാടുകളും കുഴികളും പലരെയും  അലട്ടുന്ന പ്രശ്നമാണ്.

മുഖത്ത് കാണപ്പെടുന്ന ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. മുഖത്തെ കുഴികൾ (open pore) മറയ്ക്കാൻ  പല വഴികളുമുണ്ട്. ചില വഴികളെക്കുറിച്ചറിയാം...

ഒന്ന്...

മുട്ടയുടെ മഞ്ഞക്കരു ഒരെണ്ണം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കുഴികൾ മാറാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഈ മിശ്രിതം പുരട്ടാം. 

രണ്ട്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ചർമ്മത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. അവക്കാഡോയ്ക്ക് എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഇതു വഴി ചര്‍മ്മത്തിന് നനവ് നിലനിര്‍ത്താനാകും. കൂടാതെ മുഖത്തെ കുഴികൾ മാറാനും ഇവ സഹായിക്കും. ഇതിനായി അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖത്തെ കുഴികൾ മറയ്ക്കാനും വെള്ളരിക്ക സഹായിക്കും. ഇതിനായി വെള്ളരിക്ക നന്നായി അരച്ച് അതിലേയ്ക്ക് ഒരു പകുതി നാരങ്ങാനീര് ചേർക്കുക. ഒരു കോട്ടൺ തുണിയെടുത്ത് അതിലേക്ക് ഈ മിശ്രിതം ഇട്ട് കിഴി കെട്ടുക. ഇത് ഫ്രീസറിൽ വച്ച് തണുപ്പിക്കുക. നന്നായി തണുത്ത ശേഷം ഈ കിഴി മുഖത്തെ കുഴികളിൽ കുറച്ചു സമയത്തേയ്ക്ക് വയ്ക്കാം.  ദിവസവും രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക. മുഖത്തെ കുഴികൾ മാറാന്‍ ഇത് സഹായിക്കും. 

നാല്...

മുട്ടയുടെ വെള്ളയും ഓട്സും കൂടി കലര്‍ത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുതവണ വരെ ചെയ്യാം. 

Also Read: ചര്‍മ്മത്തിന് പ്രായമാകുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ