തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍ മാറാനായി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഇത്തരത്തില്‍ ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ കുറച്ചൊന്നുമല്ല. 

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഹെയര്‍ മാസ്കുകളുടെ ഉപയോഗം. 

 

തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക് തലമുടി വളരാന്‍ നല്ലതാണ്. തൈരിനോടൊപ്പം പ്രകൃതിദത്തവും ഔഷധ സിദ്ധിയുള്ളതുമായ തേൻ, കറ്റാർവാഴ തുടങ്ങിയവയും ചേര്‍ത്ത് മാസ്ക് തയ്യാറാക്കാം. ഇവ തലമുടി മിനുസമാർന്നതും തിളക്കമുള്ളതുമായി നിലനിർത്താനും സഹായിക്കും. 

മൂന്ന് ടീസ്പൂണ്‍ കറ്റാർ വാഴ ജെൽ, രണ്ട് ടീസ്പൂൺ തൈര്,  ഒരു ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്തെടുത്ത് തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. 

Also Read: മുടികൊഴിച്ചിലിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ...