ചുവന്ന അധരങ്ങളുടെ സൗന്ദര്യം ഒന്ന് വോറെ തന്നെയാണ്. സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്നതും അങ്ങനെയുളള ചുണ്ട് തന്നെയാണ്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന്‍റെ നിറം മങ്ങുന്നപോലെ തന്നെ, ചുണ്ടിന്‍റെ നിറവും മങ്ങിപോകാം. ഡാര്‍ക്ക് ലിപ്‌സ് ഇന്ന് വളരെ സാധാരണമാണ് എങ്കിലും ഈ ഇരുണ്ട ചുണ്ടുകള്‍ ചില സ്ത്രീകളില്‍ എങ്കിലും അവരുടെ ആത്മവിശ്വസത്തെ കെടുത്തുന്നതായി തോന്നാം. 

എന്തുകൊണ്ട് ചുണ്ടിന്‍റെ നിറം മാറുന്നു? ഒന്ന് , സ്വാഭാവികമായി അമിതമായി വെയില്‍ കൊള്ളുന്നതുകൊണ്ട് ചുണ്ട് ഇരുണ്ട് പോകാം. അമിതമായ പുകവലി മൂലവും ചുണ്ട് കറുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില വസ്തുക്കളില്‍ നിന്നുണ്ടാകുന്ന അലര്‍ജി മൂലവും ചുണ്ടില്‍ നിറവ്യത്യാസമുണ്ടാകാം. 

ഇരുണ്ട ചുണ്ടുകളുടെ നിറം വീണ്ടെടുക്കാനുള്ള ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ചര്‍മ്മത്തിന് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഉറങ്ങുന്നതിന് മുന്‍പ് നാരങ്ങാനീര് കുറച്ചെടുത്ത് ചുണ്ടില്‍ ഉരസുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ ചുണ്ട് കഴുകാം. ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നത് ചുണ്ടിന്‍റെ കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. നാരങ്ങാ പ്രകൃത്യാ ബ്ലീച്ചിങ്ങിന് സഹായിക്കുന്ന ഒന്നായതിനാല്‍ മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല.

രണ്ട്...

ചുണ്ടിന്‍റെ നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് മാതളം. ഒരു സ്പൂണ്‍ മാതളം പൊടിച്ചെടുക്കുക. ശേഷം പാലുമായി ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടുക. 2-3 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

ഉരുളക്കിഴങ്ങാണ് മറ്റൊരു പ്രതിവിധി. ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകാം. 

നാല്...

 ആപ്പിള്‍ സിഡര്‍ വിനഗര്‍ ഇരുണ്ട ചുണ്ടുകള്‍ക്ക് ഒരു പ്രതിവിധിയാണ്.  ഇതില്‍ ഹൈഡ്രോക്‌സൈല്‍ ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ചുണ്ടിന്റെ കറുപ്പുനിറം പോകാന്‍ ഇത് സഹായിക്കും. ആപ്പിള്‍ സിഡര്‍ വിനഗര്‍ നേരിട്ട് ചുണ്ടില്‍ പുരട്ടരുത്. അല്പം വെള്ളം കലര്‍ത്തി കോട്ടണ്‍ ഉപയോഗിച്ച് വേണം ചുണ്ടില്‍ ഇത് പുരട്ടാന്‍.

 

അഞ്ച്...

പച്ച മഞ്ഞളിന്‍റെ ഒരു കഷണം ചുണ്ടില്‍ തുടര്‍ച്ചയായി ഉരസുക. പിഗ്മെന്റേഷന്‍ കുറയാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഇത് സഹായിക്കും. 

ആറ്...

നിത്യവും പല്ലുതേക്കുന്നതിനൊപ്പം ടൂത്ത്ബ്രഷ് കൊണ്ട് ചുണ്ടില്‍ ഉരസി മൃതചര്‍മം നീക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്.