ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് അവശ്യസേവനങ്ങളെത്തിക്കുകയെന്നത് സര്‍ക്കാര്‍ പ്രതിനിധികളുടെ കടമയാണ്. എന്നാല്‍ സഹായാഭ്യര്‍ത്ഥനകള്‍ മുതലെടുപ്പായാലോ? അത്തരമൊരു വാര്‍ത്തയാണ് ചണ്ഡീഗഡില്‍ നിന്ന് വരുന്നത്. 

പിറന്നാള്‍ കേക്കുകള്‍ ആവശ്യപ്പെട്ട് തനിക്ക് ധാരാളം മെസേജുകളെത്തുന്നതായും ഇങ്ങനെ പോയാല്‍ മെസേജ് അയക്കാനുള്ള സൗകര്യം വേണ്ടെന്ന് വയ്ക്കാനാണ് പദ്ധതിയെന്നും ഐഎസ് ഉദ്യോഗസ്ഥനായ മനോജ് പരിദ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. 

സഹായഭ്യര്‍ത്ഥനകള്‍ മുതലെടുപ്പാകുന്നുണ്ടെന്ന തരത്തില്‍ ഇദ്ദേഹം നേരത്തേയും പരസ്യപ്രസ്താവന നടത്തിയിരുന്നു. ബിരിയാണി, രസഗുള, സമൂസ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ മുതല്‍ ഗുഡ്ക പാന്‍ മസാല എന്നീ ലഹരി പദാര്‍ത്ഥങ്ങള്‍ വരെ ആളുകള്‍ മെസേജിലൂടെ ആവശ്യപ്പെട്ടതായാണ് മനോജ് പരിദ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കേക്കിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. 

പലയിടങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളായ സ്ഥലങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങള്‍ തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നിന്നാണത്രേ ഭക്ഷണസാധനങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ വ്യാപകമായി വരുന്നത്. 

റേഷന്‍, അവശ്യ സാധനങ്ങള്‍, മരുന്ന്, മെഡിക്കല്‍ സഹായം, പൊലീസ് സഹായം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ജനങ്ങളെ സമയബന്ധിതമായി സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ആളുകള്‍ക്ക് 'ഡയറക്ട് മെസേജസ്' അയക്കാനുള്ള സംവിധാനമൊരുക്കിയിട്ടുള്ളത്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ചാറ്റ് സംവിധാനം 'ബ്ലോക്ക്' ചെയ്യാനാണ് പരിദയടക്കം പലരുടേയും തീരുമാനമെന്നാണ് സൂചന. 

Also Read:- ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പങ്കുവയ്ക്കരുതെന്ന് സാധിക; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ...

ലോക്ക്ഡൗണ്‍ തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സര്‍ക്കാര്‍ പ്രതിനിധികളോട് ഇത്തരത്തില്‍ നിരുത്തരവാദിത്തപരമായി ഇടപെടുന്നവരോട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. മനോജ് പരിദയുടെ ട്വീറ്റിനും ധാരാളം പ്രതികരണങ്ങളെത്തിയിട്ടുണ്ട്.