ഭാര്യയോട് വഴക്കിട്ട് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച യുവാവ് ട്രെയിനിന് തല വയ്ക്കാനായി റെയില്‍വേ ട്രാക്കിലേക്ക് നടക്കുന്നു. മരണം കാത്ത് പാളത്തില്‍ കിടന്ന കിടപ്പില്‍ ഒരു സെല്‍ഫി. മരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ആ ഫോട്ടോ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതോടെ ചങ്ങനാശേരിക്കാരനായ യുവാവിന് ജീവിതത്തിലേക്കുള്ള 'റീ എന്‍ട്രി' ലഭിക്കുന്നു. കൃത്യസമയത്ത്, കൃത്യമായ രീതിയില്‍ സുഹൃത്തുക്കള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞത് കൊണ്ടാണ് ആ യുവാവ് രക്ഷപ്പെട്ടത്. 

എന്നാല്‍ എവിടെയും ഇത് നടപ്പുള്ള കാര്യമാണോ? പ്രണയം വേണ്ടെന്ന് വച്ചതിന് കാമുകിയെ വിളിച്ച് ലൈവായി തന്റെ മരണം കാട്ടിക്കൊടുത്ത കാമുകനെപ്പറ്റി നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ചു. എന്തുതരം മാനസികാവസ്ഥകളാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്?

സെല്‍ഫി- ഒരു സന്തോഷം എന്നതില്‍ക്കവിഞ്ഞ് അത് ഒരു ആഘോഷവും, പ്രതികാരവും ഒക്കെയായി മാറുമ്പോള്‍ എന്താണ് നമ്മളില്‍ സംഭവിക്കുന്നത്. ഇതിലും ഭയാനകമാണ്, സെല്‍ഫിയോട് നമുക്കുള്ള 'അഡിക്ഷന്‍'. 


(സ്രാവിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കവേ ഗുരുതരപരിക്കേറ്റയാൾ)

'ജേണല്‍ ഓഫ് ഫാമിലി മെഡിസിന്‍ ആന്റ് പ്രൈമറി കെയര്‍' എന്ന പ്രസിദ്ധീകരണം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2011 മുതല്‍ 2017 വരെയുളള കാലയളവില്‍, സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 259 ആണ്. ലോകമൊട്ടാകെയുള്ള കണക്കല്ലേ, 259 പേരല്ലേ ഇങ്ങനെ അപകടത്തില്‍പ്പെട്ട് മരിച്ച് പോയുള്ളൂ, എന്ന് നിസാരവത്കരിക്കാന്‍ വരട്ടെ. ഇതില്‍ 159 പേര്‍, അതായത് പകുതിയിലധികം മരണവും ഇന്ത്യയിലാണ് നടന്നിരിക്കുന്നത്. 

അതായത്, ലോകത്താകെ വന്നൊരു 'ട്രെന്‍ഡ്', അത് നമ്മുടെ രാജ്യത്ത് ഇത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന്. വളരെധികം ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണിതെന്നാണ് സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

ഇന്ത്യയില്‍ നടന്നിട്ടുള്ള സെല്‍ഫി മരണങ്ങളില്‍ അധികവും മുങ്ങിമരണങ്ങളാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. വലിയ കുന്നുകളോ മലകളോ പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വീണും, വാഹനമിടിച്ചുമെല്ലാം ഉണ്ടാകുന്ന അപകടങ്ങള്‍ വേറെ. 'സെല്‍ഫി'യെടുക്കുന്നവരില്‍ അധികവും സ്ത്രീകളാണെങ്കിലും അപകടത്തില്‍പ്പെടുന്നത് അധികവും സാഹസികരായ യുവാക്കളാണെന്നാണ് റിപ്പോര്‍ട്ട്. 


(സെൽഫിയെടുക്കവേ ട്രെയിനിടിച്ച് ഗുരുതര പരിക്കേറ്റ ശിവ എന്ന യുവാവ്)

രാജ്യത്ത് പല നഗരങ്ങളിലും ഇപ്പോള്‍ 'നോ സെല്‍ഫി' സോണുകള്‍ നിലവില്‍ വന്നുകഴിഞ്ഞു. മുംബൈയില്‍ മാത്രം ഇത്തരത്തില്‍ 16 'നോ സെല്‍ഫി' സോണ്‍ ഉണ്ടത്രേ. എങ്കിലും അധികാരികളുടെയും ചുമതലപ്പെട്ടവരുടേയും കണ്ണെത്താത്ത എത്രയോ ഇടങ്ങളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാകാം. ജീവിതത്തെ സംയമനത്തോടെയും ഔചിത്യത്തോടെയും ശ്രദ്ധയോടെയും സമീപിക്കുന്നതോടെ ഇത്തരം 'അഡിക്ഷനുകള്‍' ഉണ്ടാക്കുന്ന അപടകങ്ങളില്‍ നിന്ന് ഒരു പരിധി വരെ നമുക്ക് നമ്മളെത്തന്നെ രക്ഷിക്കാനായേക്കും. അതൊരുതരത്തില്‍ ആരോഗ്യകരമായ മാനസികാവസ്ഥയേയും സൂചിപ്പിക്കുന്നു.