എപ്പോള്‍ കണ്ടാലും ഒരുപോലെ ചെറുപ്പമായിരിക്കുന്നുവെന്ന 'കോംപ്ലിമെന്റ്' ഏറ്റവുമധികം കേട്ട ഒരു വ്യക്തിയായിരിക്കും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ബോളിവുഡില്‍ കരണിന് 'കമ്പനി'യില്ലാത്ത താരങ്ങളും അണിയറപ്രവര്‍ത്തകരും കാണില്ലെന്ന് തന്നെ പറയാം. സിനിമാമേഖലയില്‍ അത്രയും പരിചയസമ്പത്തും അനുഭവവും ഉള്ളയാളാണ് കരണ്‍. അതുകൊണ്ട് തന്നെ ഏതൊരു ചടങ്ങിലും ആഘോഷങ്ങളിലും കരണ്‍ സജീവസാന്നിധ്യം തന്നെ. 

എപ്പോള്‍- എവിടെ കണ്ടാലും വസ്ത്രധാരണത്തില്‍ മാത്രമേ കരണിന് വ്യത്യാസം കാണൂ. ലുക്ക് 'എവര്‍ഗ്രീന്‍' ആണെന്നാണ് പൊതുവിലുള്ള കമന്റ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലം അങ്ങനെ വര്‍ഷങ്ങളായി നിലനിന്നിരുന്ന ബോളിവുഡിന്റെ ആ അഭിപ്രായവും മാറ്റിമറിച്ചിരിക്കുന്നു. ഇതാ ആദ്യമായി മുടി ഡൈ ചെയ്യാതെ ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കരണ്‍. 

നടന്‍ വരുണ്‍ ധവാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചെയ്ത വീഡിയോ കോളിലാണ് കരണിന്റെ ഞെട്ടിക്കുന്ന ലുക്ക്. ഈ വീഡിയോ കോള്‍ വരുണ്‍ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. എന്താണ് ഈ ലുക്കിന് പിന്നിലെ കാരണമെന്ന് വീഡിയോയില്‍ വരുണ്‍ കരണിനോട് ചോദിക്കുന്നുണ്ട്. 

Also Read:- തൂവെള്ളത്താടിയിലും വെളുത്ത വസ്ത്രങ്ങളിലും നിന്ന് വേറെ ലെവല്‍ മേക്കോവറിലേക്ക് രജിത് കുമാര്‍ മാറിയപ്പോള്‍...

രസകരമായ മറുപടിയാണ് കരണ്‍ നല്‍കുന്നത്. കുട്ടികള്‍ തന്നെ ബുദ്ധന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയാണെങ്കില്‍ ലുക്കും അങ്ങനെ തന്നെയാകട്ടെയെന്ന് തീരുമാനിച്ചുവെന്നാണ് വരുണിന്റെ മറുപടി. എന്നാല്‍ പുതിയ സ്റ്റൈലിന് പിന്നിലെ യഥാര്‍ത്ഥ കാരണം കരണ്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്.

മുടി കറുപ്പിക്കാനുപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ ധാരാളം കെമിക്കലുകളുണ്ടല്ലോ. അത് മുടിക്ക് അത്ര ഗുണകരവുമല്ല. ഇപ്പോഴാകുമ്പോള്‍ വീട്ടില്‍ തന്നെ ഇരിക്കുകയല്ലേ, ആരും പ്രത്യേകിച്ച് കാണാനൊന്നുമില്ല, അതുകൊണ്ട് മുടിക്ക് കെമിക്കലുകളില്‍ നിന്ന് ഒരു അവധി നല്‍കാമെന്നോര്‍ത്തുവെന്നാണ് കരണിന്റെ വിശദീകരണം. 

ലോക്ക്ഡൗണിന് ശേഷവും ഇനി ഈ ലുക്ക് തുടരാനാണ് കരണിന്റെ തീരുമാനമെന്നാണ് വീഡിയോയിലെ സംഭാഷണശകലങ്ങള്‍ നല്‍കുന്ന സൂചന. 'ഗ്രേസ്ഫുള്ളി ഏയ്ജ്ഡ്' ആകുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എന്ന കരണിന്റെ പ്രസ്താവന സാധാരണ പോലെ, നേരമ്പോക്ക് അല്ലെങ്കില്‍ ഇനി പുതിയൊരു കരണിനെയാകും ബോളിവുഡ് കാണുക. എന്തായാലും പുതിയ ലുക്കില്‍ കരണ്‍ 'ഹോട്ട്' ആയിട്ടുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ജെയിംസ് ബോണ്ട് വില്ലനെ പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു വരുണിന്റെ പ്രതികരണം.

വീഡിയോ കാണാം...