സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വെെറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയുണ്ട്. മുഷിഞ്ഞ വസ്ത്രധാരിയായ ഒരാൾക്കൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്ന പൊലീസുകാരന്റെ വീഡിയോ മണിക്കൂറുകൾക്കകം വൈറലായി. തിരുവനന്തപുരം നന്ദാവനം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എസ്.എസ്. ശ്രീജിത്താണ് സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട ആലങ്കോട് സ്വദേശിയാണ് ശ്രീജിത്ത്.

തന്നോടൊപ്പം ഭക്ഷണം കഴിക്കുന്നയാൾക്കു കഴിക്കുന്നതിനായി നീക്കിവച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ഹർത്താൽ ദിവസം പൂന്തുറപ്പള്ളിയിൽ വച്ചാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് ഭക്ഷണം എത്തുന്നത്. പൊതി തുറക്കുമ്പോൾ മുഷിഞ്ഞ വേഷധാരിയായി മുന്നിൽ വന്ന വയോധികൻ തന്റെ ഭക്ഷണപ്പൊതിയിലേയ്ക്ക് നോക്കുന്നത് കണ്ടാണ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നത്. ഇല്ല എന്നായിരുന്നു മറുപടി.

വരൂ ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് യുവപൊലീസുകാരൻ പറഞ്ഞു. ആദ്യമൊക്കെ അദ്ദേഹം വേണ്ടെന്നു പറയുന്നു. ഇത്രയും ഭക്ഷണം ഞാൻ കഴിക്കില്ല. ബാക്കി കളയണ്ടി വരും. എനിക്ക് കുഴപ്പമില്ല, നമുക്ക് ഒരുമിച്ചു കഴിക്കാം എന്നു പറഞ്ഞപ്പോഴാണ് അദ്ദേഹം മുന്നോട്ടു വന്നത്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തതു. നിരവധി പേരാണ് വീഡിയോയ്ക്ക് ലെെക്കും ഷെയറും ചെയ്തതു.