Asianet News MalayalamAsianet News Malayalam

ജിം, സ്പാ, അത്യാധുനിക സൗകര്യങ്ങള്‍; ഇന്ത്യയുടെ സ്വന്തം ആഡംബരനൗകയെ കുറിച്ചറിയാം...

ടൂറിസം മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊണ്ട് തന്നെയാണ് എം വി ഗംഗ വിലാസിന് പച്ചക്കൊടി കാട്ടി പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴും പ്രധാനമന്ത്രി സംസാരിച്ചത്. എന്നാല്‍ പദ്ധതിക്കെതിരെ നല്ലരീതിയില്‍ വിമര്‍ശനമുയരുന്നുണ്ട്

know the features of mv ganga vilasworlds longest river cruise
Author
First Published Jan 13, 2023, 3:33 PM IST

ലോകത്തിന്‍റെ പല ഭാഗങ്ങളിലും നേരത്തെ മുതല്‍ക്ക് തന്നെ ആഡംബരനൗകകളെ കേന്ദ്രീകരിച്ച് വാട്ടര്‍ ടൂറിസം വിസനം നടന്നിട്ടുണ്ട്. ഇന്ത്യയില്‍ ജലഗതാഗതമേഖലയുമായി ടൂറിസം ബന്ധപ്പെട്ട് കിടക്കുന്നുവെങ്കിലും വൻ ചെലവില്‍ നിര്‍മ്മിക്കുന്ന  ആഡംബരനൗകകള്‍ എന്ന ആശയം ഇപ്പോഴും പ്രായോഗികമായി ടൂറിസത്തോട് അനുബന്ധമായി വന്നിട്ടില്ല. 

ഇപ്പോഴിതാ രാജ്യത്ത് ആദ്യമായി ഇത്തരമൊരു പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. യുപിയിലെ വരാണസിയിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ഗംഗാലജലവിതാനത്തിലൂടെ സഞ്ചരിക്കുന്ന എംവി ഗംഗ വിലാസ് എന്ന നദീജല ക്രൂസിന്‍റെ ഉദ്ഘാടനം കഴിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

ടൂറിസം മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊണ്ട് തന്നെയാണ് എം വി ഗംഗ വിലാസിന് പച്ചക്കൊടി കാട്ടി പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴും പ്രധാനമന്ത്രി സംസാരിച്ചത്. എന്നാല്‍ ഇത് ധനികര്‍ക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്നും വരാണസില്‍ തന്നെയുള്ള ആളുകള്‍ക്ക് ഇതുകൊണ്ട് യാതൊരു മെച്ചവുമുണ്ടാകില്ലെന്നുമുള്ള വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. 

ഗംഗാനദിയില്‍ ചെറിയ ബോട്ടുകള്‍ ഓടിച്ച് കഴിയുന്ന നിഷാദ വിഭാഗത്തില്‍ പെടുന്ന പ്രദേശവാസികള്‍ക്ക് ഇത് തിരിച്ചടിയുണ്ടാക്കുമെന്നും ബിജെപി വരാണസിയില്‍ ടൂറിസം സാധ്യതകളാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

എന്തായാലും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ എംവി ഗംഗ വിലാസ് വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. എന്താണ് ഈ ആഡംബര നൗകയുടെ പ്രത്യേകതകളെന്നാണ് കൗതുകപൂര്‍വം ഏവരുമന്വേഷിക്കുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവം നീളമേറിയ നദീജല ആഡംബര ക്രൂസ് ആണത്രേ എവി ഗംഗ വിലാസ്. ഇതാണ് ആദ്യമേ എടുത്തുപറയേണ്ട പ്രത്യേകത. 62 മീറ്ററാണത്രേ ഇതിന്‍റെ നീളം. 12 മീറ്റര്‍ വീതിയും വരും. 

അമ്പത്തിയൊന്ന് ദിവസം കൊണ്ട് 3,200 കി.മീ സഞ്ചരിക്കലാണ് ഇതിന്‍റെ ലക്ഷ്യം. വരാണസിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കാണ് നൗക യാത്ര പോകുക.  ഒരേ സമയം 36 വിനോദസഞ്ചാരികളായിരിക്കും നൗകയിലുണ്ടായിരിക്കുകയത്രേ. ആകെ 18 സ്യൂട്ടുകളുണ്ടായിരിക്കും. നാല്‍പതോളം വരുന്ന ജീവനക്കാരും കാണും.

ഒരു സ‍ഞ്ചരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെയാണ് എംവി ഗംഗ വിലാസ്. സ്പാ, ജിം, സലൂണ്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഇതിനകത്തുണ്ട്. ഒപ്പം തന്നെ ശബ്ദനിയന്ത്രണത്തിന് അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഇതുപോലുള്ള പല സൗകര്യങ്ങളും ഈ ആഡംബര നൗകയുടെ വാഗ്ദാനങ്ങളാണ്. 

നൗകയില്‍ നിന്നുള്ള മാലിന്യമാണെങ്കില്‍ ഗംഗയിലേക്ക് ഒഴുക്കുകയില്ലത്രേ. എല്ലാം സംസ്കരിക്കുന്നതിന് പ്രത്യേകമായ സംവിധാനങ്ങളുണ്ട്. 25,000 മുതല്‍ 50,000 വരെയൊക്കെയാണത്രേ ഒരു ദിവസത്തേക്ക് ഇതില്‍ യാത്ര ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവ്. അങ്ങനെയെങ്കില്‍ 51 ദിവസത്തേക്ക് ഏതാണ്ട് 20 ലക്ഷം രൂപയാണ് ഒരു യാത്രക്കാരൻ മുടക്കേണ്ടിവരിക. 

Also Read:- കണ്ടോ കരീനയുടെ വാനിറ്റി വാനിന്‍റെ അകം; ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു

Follow Us:
Download App:
  • android
  • ios