കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിരോധ മാര്‍ഗമെന്നോണം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. ഇതനുസരിച്ച് ജനങ്ങള്‍ക്ക് മാതൃകയാകാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അണിഞ്ഞിരുന്നത് വീട്ടില്‍ തന്നെ നിര്‍മ്മിച്ചെടുത്ത മാസ്‌ക് ആയിരുന്നു. വീടുകളില്‍ മാസ്‌ക് നിര്‍മ്മിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ആ വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. 

അതിന് ശേഷം ഇന്നിതാ അല്‍പം വ്യത്യസ്തമായ മറ്റൊരു 'മാസ്‌ക്' ധരിച്ചുകൊണ്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്. മൂക്കും വായും കവിളുകളും നല്ലത് പോലെ മൂടി, കഴുത്തില്‍ ചുറ്റി- ഒരു 'ഗാംച'യാണ് പ്രധാനമന്ത്രി ധരിച്ചിരുന്നത്. മുമ്പും പലപ്പോഴായി മോദി തന്നെ 'ഗാംച' ധരിച്ച് പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് 'ഗാംച'യെക്കുറിച്ച് പലരും അന്വേഷിക്കുന്നത്. 

Also Read:- ട്വിറ്റർ പ്രൊഫൈൽ ഫോട്ടോ മാറ്റി മോദി; വായും മൂക്കും മറച്ച് പുതിയ ചിത്രം...

ഗാംച, സത്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കാണപ്പെടുന്ന പമ്പരാഗതമായ വസ്ത്രമാണ്. ഇന്ത്യയില്‍ പ്രധാനമായും ഒറീസ്സയും അസമും ആണ് 'ഗാംച'യുടെ കേന്ദ്രം. സാധാരണഗതിയില്‍ ചെക്ക് ഡിസൈനിലോ, നിറയെ വരകളുള്ള ഡിസൈനിലോ ആണ് ഇവിടത്തുകാര്‍ ഇത് നെയ്യുന്നത്. ചുവപ്പ്- ഓറഞ്ച് പോലുള്ള കടും നിറങ്ങളാണ് 'ഗാംച'യ്ക്ക് വേണ്ടി മിക്കവാറും പേരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അടുത്ത കാലങ്ങളിലായി വെളുപ്പില്‍ ചെറിയ ചെക്കുകളും കരയും വരുന്ന തരത്തിലുള്ള 'ഗാംച'കള്‍ അധികമായി കാണപ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ പെടുന്നതാണ് ഇന്ന് മോദി അണിഞ്ഞത്. 

വിയര്‍പ്പ് ഒപ്പാനും മുഖം തുടക്കാനുമെല്ലാം പുരുഷന്മാര്‍ ഉപയോഗിക്കുന്ന 'ഗാംച' പല പേരുകളിലായാണ് പല നാടുകളിലും അറിയപ്പെടുന്നത്. അധ്വാനിക്കുന്നവരുടെ വിയര്‍പ്പ് ഒപ്പുന്നതില്‍ നിന്നും പിന്നീട് സംസ്‌കാരത്തിന്റെ അടയാളമായി 'ഗാംച' മാറി. ആന്ധ്ര, ബീഹാര്‍, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും ഇന്നും 'ഗാംച' ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എങ്കില്‍പ്പോലും മാറിവന്ന നമ്മുടെ വസ്ത്രധാരണരീതി 'ഗാംച'യുടെ വ്യവസായത്തേയും വലിയ തോതില്‍ ബാധിച്ചു. ഒറീസയിലെ പല നെയ്ത്തുകേന്ദ്രങ്ങളിലും ഇപ്പോള്‍ 'ഗാംച' നെയ്യുന്നില്ല. നിലനില്‍ക്കുന്ന പഴയ തലമുറ ഇല്ലാതാകുന്നതോടെ 'ഗാംച' പോലുള്ള പരമ്പരാഗത വസ്ത്രങ്ങളും ഒരുപക്ഷേ നമുക്ക് അന്യമായേക്കാം.