കൊവിഡ് കാലത്തിലേക്ക് കടന്നതോടെ നമ്മുടെയെല്ലാം അവശ്യവസ്തുക്കളില്‍ ഒന്നായി 'മാസ്‌ക്' മാറിക്കഴിഞ്ഞു. മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന സാഹചര്യത്തില്‍ നിന്ന് മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങാന്‍ വയ്യ എന്ന ശീലത്തിലേക്ക് നമ്മളെത്തിക്കഴിഞ്ഞിട്ടുണ്ട്. 

മാസ്‌ക് ധരിച്ചില്ലെങ്കില്‍ വസ്ത്രം തന്നെ ധരിച്ചിട്ടില്ലെന്ന തോന്നലാണുണ്ടാകുന്നതെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സൂചിപ്പിക്കാറ് പോലുമുണ്ട്. അതായത്, അത്രമാത്രം മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് സാരം. 

ഇതേ ചിന്തയാണ് ബോളിവുഡ് താരമായ ലിസ ഹെയ്ഡനും തന്റെ പുതിയ ഫോട്ടോയ്‌ക്കൊപ്പം പങ്കുവയ്ക്കുന്നത്. കുഞ്ഞിനൊപ്പം പുറത്തിറങ്ങിയപ്പോള്‍ എടുത്ത ചിത്രമാണ് ലിസ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ടൈഗര്‍ പ്രിന്റുള്ള മാസ്‌കാണ് ലിസ അണിഞ്ഞിരിക്കുന്നത്. ഇതേ ഡിസൈനിലുള്ള ബേബി കാരിയറിലാണ് കുഞ്ഞ്. കാരിയറിന്റെ ഗുണമേന്മ പറഞ്ഞുകൊണ്ടാണ് ലിസ ഫോട്ടോയ്ക്കുള്ള അടിക്കുറിപ്പ് തുടങ്ങുന്നത്. ഇതിന് പിന്നാലെയാണ് 'മാസ്‌ക് ഇല്ലെങ്കിലാണോ ഇപ്പോള്‍ നേക്കഡ് ആയിത്തോന്നുക' എന്ന ചിന്ത പങ്കുവച്ചത്. 

 

 

വെളുത്ത ഷോര്‍ട്ട് ഗൗണിനൊപ്പം ഇരുണ്ട നിറത്തിലുള്ള കാരിയറും മാസ്‌കും കൂടിയായപ്പോള്‍ ലിസയുടെ 'ലുക്ക്' 'റോയല്‍' ആയിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

ഭര്‍ത്താവ് ദിനോ ലല്‍വാനിക്കും രണ്ട് മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ ഹോങ്കോങിലാണ് ലിസയുടെ താമസം. നേരത്തേ ഗര്‍ഭകാല 'ഹോട്ട് ഫോട്ടോഷൂട്ടി'ന്റെ പേരില്‍ വിവാദത്തിലായിരുന്നു താരം. എന്നാല്‍ തനിക്കെതിരെയുണ്ടായ വിമര്‍ശനങ്ങളേയും ബോഡിഷെയിമിംഗിനേയും സധൈര്യം നേരിട്ടിരുന്നു ലിസ. 

Also Read:- 'വി ദ വുമണ്‍'; വീണ്ടും ഗര്‍ഭകാല ചിത്രം പങ്കുവച്ച് ബോളിവുഡ് താരം...