ഗര്‍ഭകാലത്തിനെ സ്ത്രീത്വത്തിന്റെ ആഘോഷമായി കണക്കാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിരുദ്ധമായി, ഗര്‍ഭാവസ്ഥയെ രഹസ്യമാക്കി നിലനിര്‍ത്തുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനമായാണ് പലരും കണക്കാക്കുന്നതും. 

അതിനാല്‍ തന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴും ശരീരത്തെ വെളിപ്പെടുത്താനും, അതിന് അര്‍ഹതപ്പെട്ട ആദരവ് തേടാനുമെല്ലാം സ്ത്രീകള്‍ കൂടുതലായും ധൈര്യപ്പെട്ട് വരുന്നു. ഇതിന് തെളിവാണ് അടുത്ത കാലങ്ങളിലായി 'പ്രെഗ്നന്‍സി ഫോട്ടോഷൂട്ടി'ന് ലഭിച്ചുവരുന്ന അംഗീകാരം. 

ബോളിവുഡ് നടിമാരാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. സമീറ റെഡ്ഡി, എമി ജാക്‌സണ്‍, ലിസ ഹെയ്ഡന്‍ എന്നീ താരങ്ങളെല്ലാം തങ്ങളുടെ ഗര്‍ഭകാലത്തെ ഓരോ ഘട്ടങ്ങളും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമായി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചവരാണ്. 

Also Read:- ഗര്‍ഭിണിയുടെ വയറ് കാണുന്നത് അത്ര അസ്വസ്ഥതയാണോ? ഇതാ സമീറയ്ക്ക് പിന്നാലെ അമി ജാക്‌സണും...

ഇവരില്‍ പലരും ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും ഈ വിമര്‍ശനങ്ങളെക്കാള്‍ അധികം വലിയ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ മകന്റെ ജനനത്തിന് ശേഷം പൂര്‍ണ്ണഗര്‍ഭിണിയായിരിക്കെ എടുത്തൊരു ചിത്രം വീണ്ടും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ് ലിസ ഹെയ്ഡന്‍. 'വി ദ വുമണ്‍' എന്ന ഹാഷ്ടാഗോടുകൂടി ഹ്രസ്വമായ കുറിപ്പും ചേര്‍ത്താണ് ലിസ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

കറുത്ത ബിക്കിനിയാണ് വേഷം. 'നാച്വറല്‍ ലൈറ്റി'ന്റെ മനോഹാരിതയും ഉന്മേഷവും ഏറെ അനുഭവപ്പെടുത്തുന്ന ചിത്രമാണ് ലിസയുടേത്. നിരവധി സ്ത്രീകളാണ് ഈ ചിത്രത്തിന് താഴെ സ്‌നേഹാന്വേഷണങ്ങളുമായി എത്തിയിരിക്കുന്നത്. 

 

 

'ജനുവരി 11 2020- ലിയോ ജനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, കൊറോണയൊക്കെ വരുന്നതിന് മുമ്പ്, ഈ വര്‍ഷം ഇങ്ങനെയെല്ലാമായിരിക്കുമെന്ന ചിന്തയെല്ലാം വരുന്നതിനും മുമ്പ്...'- എന്നായിരുന്നു ചിത്രത്തിനൊപ്പം ലിസ കുറിച്ചത്. 

മുമ്പും ഒമ്പതാം മാസത്തില്‍ ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവ് ദിനോ ലല്‍വാനിക്കും രണ്ട് മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ ഹോംഗ്‌കോംഗിലാണ് ലിസ. 'ഏ ദില്‍ ഹേ മുഷ്‌കില്‍', 'ഹൗസ്ഫുള്‍ 3', 'ക്വീന്‍' എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡില്‍ ലിസ കാലുറപ്പിച്ചത്. 'ഇന്ത്യാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ടിവി ഷോയും 'ദ ട്രിപ്' എന്ന വെബ് സീരീസും ലിസയെ കൂടുതല്‍ സുപരിചിതയാക്കിയിരുന്നു.