കാടിന് സമീപത്തുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളെയും മറ്റ് കാട്ടുജീവികളേയുമെല്ലാം കാണുന്നത് സാധാരണമാണ്. എങ്കിലും ചിലയിനത്തില്‍പ്പെട്ട ജീവികളേയും മൃഗങ്ങളേയും അങ്ങനെ എപ്പോഴും കാണാന്‍ കിട്ടണമെന്നില്ല. ഈ വിഭാഗത്തില്‍പ്പെടുന്ന ഒരതിഥിയാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിന്റെ ഉള്‍നാടന്‍ പ്രദേശമായ തൊണ്ടമുത്തൂരിലെ നരാസിപുരത്ത് എത്തിയത്. 

അപൂര്‍വ്വമായി മാത്രം മനുഷ്യരുടെ കണ്‍വെട്ടത്ത് വരുന്ന വലിയ രാജവെമ്പാലയായിരുന്നു ഈ അതിഥി. പതിനഞ്ച് അടിയോളം നീളമുള്ള രാജവെമ്പാലയെ ഗ്രാമവാസികള്‍ തന്നെയാണ് ആദ്യം കണ്ടത്. ഇത്രയും വലിപ്പമുള്ള രാജവെമ്പാലകള്‍ നാട്ടിലിറങ്ങുന്നതും മനുഷ്യവാസപ്രദേശങ്ങള്‍ കാണപ്പെടുന്നതുമൊന്നും പതിവല്ല.

അതിനാല്‍ തന്നെ വഴിതെറ്റിയെത്തിയ വിരുന്നുകാരന് വലിയ വരവേല്‍പാണ് ഗ്രാമത്തില്‍ ലഭിച്ചത്. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നാണ് ഗ്രാമത്തിന്റെ കിടപ്പ്. വിവിധയിനം പാമ്പുകളുള്‍പ്പെടെ സമ്പുഷ്ടമായ ജൈവ വൈവിധ്യമുള്ള മേഖലകളാണ് പശ്ചിമഘട്ടം. ഇവിടെ നിന്നും മലയിറങ്ങി നാട്ടിലെത്തിയതാണ് രാജവെമ്പാല. 

 

 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന അധികം വൈകാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തില്‍ വിദഗ്ധന്റെ സഹായത്തോടെ രാജവെമ്പാലയെ പിടികൂടി ശിരുവാണി വനമേഖലയിലേക്ക് തുറന്നുവിട്ടു.

Also Read:- 'ബ്യൂട്ടീ...'; അത്യപൂര്‍വ്വയിനത്തില്‍ പെട്ട പാമ്പിനെ കണ്ടുകിട്ടിയ സന്തോഷം...