പത്ത് മണിക്കൂറിലധികം ദിവസത്തില്‍ ജോലി ചെയ്താല്‍ തീര്‍ച്ചയായും അത് നമ്മുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്നത് സുവ്യക്തമാണ്. എന്നിട്ടും ഇത്തരത്തില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും സ്ഥാപനങ്ങളുമുണ്ട്. ഏറെ ഗൗരവമുള്ള ചര്‍ച്ചയുണ്ടാകേണ്ട വിഷയം തന്നെയാണിത്. 

ദിവസത്തില്‍ എട്ട് മണിക്കൂര്‍ ജോലിയെന്ന രീതി ക്രമീകരിച്ചിരിക്കുന്നത് തന്നെ നമ്മുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ്. ചിലയിടങ്ങളില്‍ എട്ട് എന്നത് പത്ത് വരെ ആകാറുണ്ട്. പത്ത് മണിക്കൂര്‍ ജോലിയും ആരോഗ്യകരമായി പറയപ്പെടുന്നില്ലെങ്കില്‍ പോലും ധാരാളം പേര്‍ ഇത് ചെയ്യുന്നുണ്ട്. 

എന്നാല്‍ പത്ത് മണിക്കൂറിലധികം ദിവസത്തില്‍ ജോലി ചെയ്താല്‍ തീര്‍ച്ചയായും അത് നമ്മുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്നത് സുവ്യക്തമാണ്. എന്നിട്ടും ഇത്തരത്തില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും സ്ഥാപനങ്ങളുമുണ്ട്. ഏറെ ഗൗരവമുള്ള ചര്‍ച്ചയുണ്ടാകേണ്ട വിഷയം തന്നെയാണിത്. 

ഈ വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് ഒരു യുവാവിന്‍റെ ട്വീറ്റ്. ഇദ്ദേഹം ഒരു കോര്‍പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജിവസത്തില്‍ 16-17 മണിക്കൂര്‍ ജോലി എന്ന നിലയിലേക്ക് എത്തിയപ്പോള്‍ അത് തന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുമോയെന്ന് ഇദ്ദേഹത്തിന് സംശയമായി. 

ബിപി (രക്തസമ്മര്‍ദ്ദം) പരിശോധിച്ചപ്പോള്‍ 150/ 90 എല്ലാമാണ് കാണിക്കുന്നതെന്നും എന്താണ് താൻ ചെയ്യേണ്ടത് എന്നും മുപ്പത്തിയേഴുകാരനായ യുവാവ് ട്വിറ്ററിലൂടെ ഡോക്ടറോട് ചോദിക്കുകയായിരുന്നു. ഇതിന് ഡോക്ടര്‍ മറുപടിയും നല്‍കി. ഇത്തരത്തില്‍ ഡോക്ടറും ഈ യുവാവും തമ്മില്‍ നടന്ന പരസ്യമായ സംഭാഷണമാണിപ്പോള്‍ നിരവധി പേരുടെ ശ്രദ്ധ കവരുന്നത്. 

ഹൈദരാബാദില്‍ നിന്നുള്ള ഡോ. സുധീര്‍ കുമാര്‍ ആണ് ഹര്‍ഷല്‍ എന്ന യുവാവിന്‍റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്. നിര്‍ബന്ധമായും ജോലി സമയം 50 ശതമാനത്തോളം കുറയ്ക്കണമെന്നും താങ്കള്‍ ചെയ്യുന്ന അധികജോലി ചെയ്യാനായി മറ്റൊരാളെ പ്രത്യേകമായി തന്നെ എടുക്കാവുന്നതാണെന്നുമായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി.

എന്നാല്‍ അപ്പോഴേക്കും ഹര്‍ഷല്‍ തന്‍റെ ജോലി രാജി വച്ചിരുന്നു. ഇക്കാര്യം ഇദ്ദേഹം തന്നെയാണ് അറിയിച്ചത്. തനിക്ക് താങ്ങാവുന്നതിലും അധികം ജോലിയായി അവധി ദിവസങ്ങള്‍ കൂടി ജോലി ചെയ്യാൻ തൊഴിലുടമ ആവശ്യപ്പെട്ടു, ഇതോടെ രാജി വയ്ക്കുകയായിരുന്നു എന്നാണ് ഹര്‍ഷല്‍ അറിയിക്കുന്നത്. ഈ തീരുമാനത്തെ ഡോക്ടര്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. 

തൊഴില്‍പരമായ പ്രതിസന്ധി നേരിടുമെങ്കിലും ജീവനെക്കാളോ ആരോഗ്യത്തെക്കാളോ വലുതല്ല ജോലി, ഇത് പലരും മനസിലാക്കുന്നില്ല എന്നാണ് ഇരുവരുടെയും സംഭാഷണം നിരീക്ഷിച്ച പലരും കമന്‍റുകളില്‍ കുറഇക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പലതും തൊഴിലാളികളോട് ഇത്തരത്തിലുള്ള സമീപനമാണ് വച്ചുപുലര്‍ത്തുന്നതെന്നും തൊഴിലാളികള്‍ ശക്തമായി എതിര്‍ത്താലേ ഈ പ്രവണതയില്‍ മാറ്റം വരൂ എന്നും പലരും കുറിച്ചിരിക്കുന്നു. 

Also Read:- നല്ല ഉറക്കം ഉറപ്പുവരുത്തുന്നതിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News