ഇന്ത്യയിൽ നിരോധിച്ചെങ്കിലും ടിക് ടോക് വീഡിയോകള്‍  പല സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത്തരത്തിലുള്ള ഹ്രസ്വ വീഡിയോകളിലൂടെ താരമാകുന്നതും. ഇവിടെയിതാ ഒരു ടിക്ക് ടോക് ഉപഭോക്താവ് തന്റെ ഫ്രിഡ്ജിലെ ചീസ് ശേഖരം കാണിക്കാനായി ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.  

ചീസ് ശേഖരത്തിന് പകരം ആളുകളുടെ ശ്രദ്ധ നേടിയത് ഫ്രിഡ്‌ജിൽ അടുക്കി വച്ചിരിക്കുന്ന ഡിവിഡികളുടെ ശേഖരമാണ്. മറ്റു ഭക്ഷ്യവസ്തുക്കൾക്ക് സമാനമായാണ് ഏറ്റവും മുകളിലെ നിരയിൽ ഡിവിഡികൾ ഇയാള്‍ നിരത്തിവച്ചിരിക്കുന്നത്. മിററിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഏഴ് ദശലക്ഷത്തിലധികം പേരാണ് ടിക് ടോക്കിൽ ഈ വീഡിയോ ഇതുവരെ കണ്ടത്. 

 

വീഡിയോ ട്വിറ്ററില്‍ വൈറലായതോടെ സംശയങ്ങളുമായി ആളുകളും രംഗത്തെത്തി. എന്തിന് ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു എന്ന ചോദ്യമാണ് പലരും ചോദിച്ചത്. ഒടുവില്‍ വീഡിയോ പോസ്റ്റ് ചെയ്ത സ്റ്റീവ് എന്ന യുവാവ് വിശദീകരണവുമായെത്തുകയും ചെയ്തു. 

ഡിവിഡികൾ 40 ഡിഗ്രി സെൽഷ്യസിനു താഴെയായി സൂക്ഷിച്ചാൽ അത് മികച്ച രീതിയിൽ പ്ലേ ചെയ്യുമെന്ന് താന്‍ പണ്ട് എവിടെയോ വായിച്ചതാണ്. അത് സത്യമാണോ എന്നറിയില്ലെങ്കിലും അന്ന് മുതൽ താൻ ഡിവിഡികളും ബ്ലൂ-റേ ഡിസ്കുകളും ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കുന്നത്. 27 വർഷമായി ഇത്തരത്തില്‍ സൂക്ഷിച്ച് വച്ചിരിക്കുന്നു. ആളുകള്‍ ചോദിക്കുമ്പോൾ, തനിക്ക് 'കൂൾ മൂവി' ശേഖരം ഉണ്ടെന്നു എനിക്കിപ്പോൾ പറയാൻ കഴിയുമെന്നും സ്റ്റീവ് പറയുന്നു. 

Also Read: പാല്‍ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?; അറിയേണ്ട ചിലത്...