പ്രണയം തുറന്ന് പറയാന്‍, വിവാഹത്തിന് അനുവാദം തേടാന്‍ എല്ലാം കാമുകീ കാമുകന്മാര്‍ വ്യത്യസ്തമായതും രസകരമായതുമായ രീതികള്‍ അവലംബിക്കാറുണ്ട്, ഇല്ലേ? സമാനമായൊരു സംഭവമാണ് ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടുന്നത്. 

ഭക്ഷണപ്രിയ ആയ കാമുകിക്ക് വിവാഹനിശ്ചയ മോതിരം നല്‍കാന്‍ വരന്‍ തെരഞ്ഞെടുത്ത രീതിയാണ് ശ്രദ്ധേയമായത്. പാനി പൂരി ആരാധികയായ കാമുകിക്ക് നിശ്ചയത്തിന് പാനി പൂരിയില്‍ മോതിരം ഒളിപ്പിച്ച് നല്‍കിയിരിക്കുകയാണ് യുവാവ്. ഇരുവരുടെയും ചിത്രങ്ങളും, പാനി പൂരിയില്‍ ഒളിപ്പിച്ച നിലയിലുള്ള നിശ്ചയ മോതിരത്തിന്റെ ചിത്രങ്ങളുമെല്ലാം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. 

 

 

നിരവധി പേര്‍ കാമുകന്റെ ആശയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തി. ഭക്ഷണപ്രിയരായ ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ പകര്‍ത്താവുന്ന രസകരമായ മാതൃക എന്ന നിലയിലാണ് ഇവരെല്ലാം തന്നെ അഭിപ്രായം രേഖപ്പെടുത്തിയത്. അതേസമയം തന്നെ ഇത്തരം പ്രവണതകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.

 

 

മോതിരം ഒളിപ്പിച്ചതറിയാതെ പെണ്‍കുട്ടി പാനി പൂരി കഴിച്ചിരുന്നെങ്കിലോ, എന്നതാണ് ഇവര്‍ പങ്കുവയ്ക്കുന്ന ആശങ്ക. ഏതായാലും ഇരുവിഭാഗങ്ങളും സജീവമായ വാദപ്രതിവാദങ്ങളും ചര്‍ച്ചകളും നടത്തിയതോടെ ചിത്രങ്ങള്‍ വൈറലായി. 

 


പ്രണയവും, കമിതാക്കള്‍ പരസ്പരം നല്‍കുന്ന അവിചാരിത സമ്മാനങ്ങളും മുഹൂര്‍ത്തങ്ങളും എല്ലാം വിലപ്പെട്ടതാണ്. എന്നാല്‍ ആരോഗ്യകരമായ രീതിയില്‍ മാത്രം ഇക്കാര്യങ്ങള്‍ ചെയ്യുക എന്ന ചെറിയ ഓര്‍മ്മപ്പെടുത്തല്‍ ഈ സംഭവം ചെയ്യുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. 

Also Read:- വരൻ വധുവിന് നൽകിയ ഒരു കിടിലൻ സർപ്രെെസ്; വീഡിയോ കാണാം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona