കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മാസ്ക് എന്നത് ശരീരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മാസ്കിന്‍റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയിട്ടും ഇപ്പോഴും മാസ്ക് ധരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നവരുമുണ്ട്. അതിനിടെയാണ് മനുഷ്യന് മാസ്ക് വച്ചുകൊടുക്കുന്ന ഒരു യന്ത്രത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

അലന്‍ പാന്‍ എന്ന യുഎസ് സ്വദേശിയാണ് ഇതിന്‍റെ നിര്‍മാതാവ്. മാസ്ക് ഗണ്‍ (തോക്ക്) എന്നാണ് അലന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്ത് മാസ്‌ക് ധരിക്കാതെ ആളുകൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മാസ്‌ക് വെടി വയ്ക്കുന്ന തോക്ക് കണ്ടുപിടിക്കാൻ അലൻ ഇറങ്ങിപ്പുറപ്പെട്ടത്. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ഈ തോക്കില്‍ നിന്നും വെടി വയ്ക്കുമ്പോള്‍ മാസ്ക് കൃത്യമായി അവരുടെ മുഖത്ത് വീഴുമെന്നും അലന്‍ പറയുന്നു.   

 

യന്ത്രത്തിന് മുന്നില്‍ മാസ്ക് ഇല്ലാതെയിരിക്കുന്ന അലനെയാണ് ഈ വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം യന്ത്രത്തില്‍ നിന്നും  മാസ്ക് കൃത്യമായി അലന്‍റെ മുഖത്ത് പതിക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. രസകരമായ വീഡിയോ എന്നാണ് പലരുടെയും കമന്‍റ്.

 

Also Read: ഇവര്‍ ശരിക്കും മാസ്ക് ധരിച്ചിട്ടുണ്ടോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു....