ഇന്ന് മിക്ക സ്ത്രീകളും ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവന്ന ലിപ്സ്റ്റിക്കിനോട് ഇഷ്ടമുള്ളവർ നിരവധി പേരാണ്. എന്നാല്‍ ഇപ്പോള്‍ ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന്റെ പേരില്‍ അപമാനിക്കപ്പെട്ട തന്റെ അമ്മയ്ക്ക് പിന്തുണയുമായെത്തിയ മകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാ‌യിരിക്കുന്നത്.

ചുവന്ന ലിപ്സ്റ്റിക് പൂശിയ ചിത്രംപങ്കുവച്ചുകൊണ്ടാണ് പുഷ്പക് സെൻ കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുന്നത്. ലിപ്സ്റ്റിക് മാത്രമല്ല കണ്‍മഷിയും പുഷ്പക് എഴുതിയിട്ടുണ്ട്. ഒപ്പം കയ്യില്‍ പിടിച്ചിരിക്കുന്ന ലിപ്സ്റ്റിക്കും ചിത്രത്തിൽ കാണാം. ചിത്രത്തിനൊപ്പം പുഷ്പക് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായത്.

ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ചുവന്ന ലിപ്സ്റ്റിക് ധരിച്ച 54 കാരിയായ അമ്മയെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് അപമാനിച്ചു. അതുകൊണ്ട് ഇന്നലെ അവര്‍ക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാന്‍ അയച്ചു കൊടുത്തു. ശുഭദിനം, വേഗം സുഖം പ്രാപിക്കട്ടെ എന്നും പുഷ്പക് കുറിച്ചു. 

എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് അമ്മയെ ഇത്തരത്തില്‍ അപമാനിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആദര്‍ശം പറയുന്ന അവരുടെ മക്കളും സമീപത്തുണ്ടായിരുന്നു എന്നതാണ്. താടിയും മീശയുമുള്ള പുരുഷനായ ഞാന്‍ ചുവന്ന ലിപ്സ്റ്റിക് ധരിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും, പെണ്‍മക്കള്‍ക്കും, പുരുഷന്മാരല്ലാത്ത എല്ലാവര്‍ക്കും വേണ്ടി ഞാനിന്ന് ശബ്ദമുയര്‍ത്തുകയാണെന്ന് പുഷ്പക് സെന്‍ കുറിച്ചു. 

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പുഷ്പകിന്റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. താങ്കളെ പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യമെന്നും ചിലർ കമന്റ് ചെയ്തു.

ഫ്ലോറല്‍ വസ്ത്രങ്ങളില്‍ പ്രണയാര്‍ദ്രമായി ദീപികയും രണ്‍വീറും