പഴങ്ങളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒന്നാണ് മാമ്പഴമെന്ന് അറിയാമല്ലോ? ആരോഗ്യത്തിന് ആകെയും പലവിധ ഗുണങ്ങള്‍ നല്‍കാന്‍ കഴിവുണ്ടെന്ന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തിലും അതിപ്രധാനമായ പങ്കാണ് മാമ്പഴത്തിനുള്ളത്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ - എന്നിവയെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ്. 

മാമ്പഴം കഴിക്കാന്‍ മാത്രമല്ല, അത് ബാഹ്യമായും ഉപയോഗിക്കാമെന്ന കാര്യം എത്ര പേര്‍ക്കറിയാം? പപ്പായ പോലെയോ, കക്കിരി പോലെയോ മാസ്‌കായും മറ്റും മാമ്പഴം ഉപയോഗിക്കാവുന്നതാണ്. അത്തരത്തിലുള്ള ചില മാര്‍ഗങ്ങളെ പറ്റിയാണ് ഇനി പറയുന്നത്. 

ഒന്ന്...

മുഖം തിളക്കമുള്ളതാക്കാന്‍ മാമ്പഴം കൊണ്ടുള്ള പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇതെങ്ങനെയെന്ന് നോക്കാം. ഒരു മാമ്പഴത്തിന്റെ കാമ്പും മൂന്ന് ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടിയും ഒരു ടീസ്പൂണ്‍ കട്ടത്തൈരും നന്നായി ചേര്‍ത്ത് യോജിപ്പിക്കുക.

മുഖം വൃത്തിയായി കഴുകിത്തുടച്ച ശേഷം, ഈ മാസ്‌ക് ഇടാം. ഇരുപത് മിനുറ്റുകള്‍ക്ക് ശേഷം വെള്ളമുപയോഗിച്ച് മാസ്‌ക് കഴുകിക്കളയാം. 

രണ്ട്...

മുഖത്തെ കരുവാളിപ്പ് മാറാനും മാമ്പഴം സഹായകമാണ്. അതായത്, ഒരു മാമ്പഴവും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തിട്ട്, 20 മിനുറ്റ് നേരം അങ്ങനെതന്നെ വയ്ക്കുക. ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. 

മൂന്ന്...

മുഖക്കുരുവിന് ശമനം ലഭിക്കാനും മാമ്പഴം പരീക്ഷിക്കാവുന്നതാണ്. മാമ്പഴതത്തിന്റെ കാമ്പും ഒരു ടീസ്പൂണ്‍ ഗോതമ്പ് പൊടിയും, രണ്ട് ടീസ്പൂണ്‍ തേനും നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് വെറുതെ ഇടുന്നതിന് പകരം നല്ലപോലെ വൃത്താകൃതിയില്‍ മസാജ് ചെയ്ത് പിടിപ്പിക്കണം. പതിനഞ്ചോ ഇരുപതോ മിനുറ്റ് ചെയ്ത ശേഷം കഴുകിക്കളയാം. 

നാല്...

മുഖത്തെ ചര്‍മ്മം ചുളിയുന്നതും പ്രായം തോന്നിക്കുന്നതും ചിലര്‍ക്ക് വലിയ ആത്മവിശ്വാസപ്രശ്‌നം ഉണ്ടാക്കാറുണ്ട്. ഇതിനും മാമ്പഴത്തിന്റെ സഹായം തേടാവുന്നതാണ്.

മാമ്പഴത്തിന്റെ കാമ്പിനൊപ്പം മുട്ടയുടെ വെള്ളയാണ് ഇതിനായി ചേര്‍ക്കേണ്ടത്. ഇവ നന്നായി ചേര്‍ത്ത് യോജിപ്പിക്കണം. പേസ്റ്റ് പരുവത്തിലായ ഈ 'മിക്‌സ്' മുഖത്ത് തേക്കുക. നല്ലവണ്ണം ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഒരാഴ്ചയെങ്കിലും തുടര്‍ച്ചയായി ഇത് പരീക്ഷിക്കാവുന്നതാണ്.