മറ്റൊരാളുടെ കൂടെ കണ്ടുവെന്നതിന്‍റെ പേരില്‍ സ്വന്തം കാമുകിയോട് അതിക്രമം കാട്ടിയ മുപ്പത്തിനാലുകാരനായ യുവാവ്. ആ സമയത്ത് ദേഷ്യമല്ലാതെ മറ്റൊന്നും തോന്നിയില്ലെന്നും ആ ദേഷ്യത്തിലാണ് അവരെ അക്രമിച്ചതെന്നും ഇയാള്‍ പറയുന്നു. ഇപ്പോള്‍ തന്‍റെ തെറ്റ് തിരിച്ചറിയുന്നുണ്ടെന്നും അങ്ങനെ പെരുമാറിയതില്‍ ലജ്ജിക്കുന്നുവെന്നുമാണ് മെന്‍സ് ക്ലബ്ബിലിരുന്ന് ഇദ്ദേഹം പറയുന്നു

ലൈംഗിക കുറ്റങ്ങളില്‍ ( Sexual Harassment ) പെടുന്നവര്‍ അവരുടെ കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ചുള്ള നിയമനടപടികള്‍ നേരിടാറുണ്ട് ( Legal Actions ) . എന്നാല്‍ പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷ നേരിട്ടവര്‍ തന്നെ വീണ്ടും സമാനമായ കേസുകളില്‍ ( Sexual Harassment ) ഉള്‍പ്പെടാറുമുണ്ട്. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്കിടയില്‍ വേണ്ടവിധം ബോധവത്കരണം നടത്തേണ്ടതിന്‍റെ ആവശ്യകത മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും ഉന്നയിക്കാറുണ്ട്. 

അത്തരത്തില്‍ മാതൃകയാക്കാവുന്നൊരു പദ്ധതിയാണ് ഇക്വഡോറില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നടന്നുവരുന്നത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 14നും 49നും ഇടയ്ക്ക് പ്രായം വരുന്ന 65 ശതമാനം പെണ്‍കുട്ടികളും സ്ത്രീകളും അക്രമം നേരിടുന്ന രാജ്യമാണ് ഇക്വഡോര്‍. അത്രയും തന്നെ കുറ്റവാളികള്‍ നിയമനടപടികളും ( Legal Actions ) നേരിടുന്നു.

സ്ത്രീകള്‍, സ്ത്രീകള്‍ ആയതിന്‍റെ പേരില്‍ മാത്രം പല വിഷയങ്ങളുടെയും പുറത്ത് കൊല്ലപ്പെടുന്നതിന്‍റെ കണക്കിലും ( ഫെമിസൈഡ്- Femicide ) മുന്നിലാണ് ഇക്വഡോര്‍. ഇതില്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ത്ഥ കണക്കുകളെന്നാണ് സ്ത്രീമുന്നേറ്റ സംഘടനകള്‍ പറയുന്നത്. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും അവരുടെ പങ്കാളികള്‍ തന്നെയാണ് എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഇത്തരത്തിലുള്ള കുറ്റങ്ങളില്‍ പിടിക്കപ്പെടുന്ന പുരുഷ കുറ്റവാളികളെ അവരുടെ തെറ്റിനെ കുറിച്ച് ബോധ്യപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകൊണ്ടുവരുന്നൊരു മെന്‍സ് ക്ലബ്ബുണ്ട്. 

2010 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലബ് ഇപ്പോഴും വിജയകരമായി മുന്നോട്ടുപോവുകയാണ്. കുറ്റവാളികളില്‍ പലര്‍ക്കും കൗണ്‍സിലിംഗും തെറാപ്പിയും നിര്‍ദേശിക്കുക കോടതി തന്നെയാണ്. ചിലര്‍ സ്വന്തം താല്‍പര്യാര്‍ത്ഥവും ഇവിടെയെത്തുന്നു. 20 ദിവസത്തെ കോഴ്സാണ് ക്ലബ്ബില്‍ നിന്ന് നല്‍കുന്നത്. ഓരോ ആഴ്ചയിലും ഓരോ സെഷന്‍ വീതം. 

ഇതുവരെ ഈ ക്ലബ്ബില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കി പോയവര്‍ ആരും പിന്നീട് സമാനമായ കേസുകളില്‍ പെട്ടിട്ടില്ലെന്നാണ് ക്ലബ് കോര്‍ഡിനേറ്ററായ റോബര്‍ട്ടോ മൊന്‍കായോ പറയുന്നത്. കുറ്റവാളികളായ ആളുകളെ ചിന്തിപ്പിക്കുകയും, അവരെ ആ ചിന്തകള്‍ അനുഭവപ്പെടുത്തുകയും പതിയെ ജീവിതം തന്നെ അതിലേക്ക് വഴിതിരിച്ചുവിടുകയുമാണ് ഇവിടെ ചെയ്യുന്നത്. 

മറ്റൊരാളുടെ കൂടെ കണ്ടുവെന്നതിന്‍റെ പേരില്‍ സ്വന്തം കാമുകിയോട് അതിക്രമം കാട്ടിയ മുപ്പത്തിനാലുകാരനായ യുവാവ്. ആ സമയത്ത് ദേഷ്യമല്ലാതെ മറ്റൊന്നും തോന്നിയില്ലെന്നും ആ ദേഷ്യത്തിലാണ് അവരെ അക്രമിച്ചതെന്നും ഇയാള്‍ പറയുന്നു. ഇപ്പോള്‍ തന്‍റെ തെറ്റ് തിരിച്ചറിയുന്നുണ്ടെന്നും അങ്ങനെ പെരുമാറിയതില്‍ ലജ്ജിക്കുന്നുവെന്നുമാണ് മെന്‍സ് ക്ലബ്ബിലിരുന്ന് ഇദ്ദേഹം പറയുന്നു. 

ഇത്തരത്തില്‍ കുറ്റവാളികളുടെ മനശാസ്ത്രം തന്നെ മാറ്റിമറിയ്ക്കുന്ന ട്രീറ്റ്മെന്‍റാണ് ക്ലബ്ബില്‍ നല്‍കിവരുന്നത്. മുപ്പത് മുതല്‍ അറുപത് വയസ് വരെയുള്ളവര്‍ ക്ലബിലുണ്ട്. ആദ്യമെല്ലാം താല്‍പര്യമില്ലാതെ സെഷനുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നവര്‍ പലരും പിന്നീട് വളരെയധികം ഇഷ്ടത്തോടെയും സമര്‍പ്പണബോധത്തോടെയും സെഷനുകള്‍ക്ക് എത്തുന്ന കാഴ്ചയും ഇവിടെ കാണാം. വ്യായാമം, ആശയവിനിമയം, വിവിധ വിഷയങ്ങളില്‍ ക്ലാസ്, തെറാപ്പി, കൗണ്‍സിലിംഗ് എല്ലാം കോഴ്സില്‍ ഉള്‍പ്പെടുന്നു. 

'നാം നമ്മളെ തന്നെ സ്വയം നിര്‍ബന്ധിക്കുകയാണ്. എങ്ങനെയാണ് നാം സമൂഹത്തില്‍ ഇടപെടുന്നത്. കുടുംബത്തില്‍ എന്ത് ചെയ്യുന്നു, തൊഴിലിടത്തില്‍ എന്ത് ചെയ്യുന്നു, സമൂഹത്തില്‍ എന്ത് ചെയ്യുന്നു എന്നെല്ലാം അന്വേഷിക്കുന്നതിന്. സ്വയം വിലയിരുത്തുന്നതിന്. ഒപ്പം തന്നെ എങ്ങനെയാണ് വയലന്‍സ് രൂപപ്പെടുന്നത്, എന്താണ് അതിനുള്ള കാരണം, ബന്ധങ്ങളില്‍ അത് എന്ത് മാറ്റം വരുത്തുന്നു എന്നെല്ലാം കണ്ടെത്തുന്നു. പതിയെ ഇതില്‍ നിന്നെല്ലാം ഇറങ്ങി ക്ഷമയിലേക്കും സ്നേഹത്തിലേക്കും കടക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്നു...'- റോബര്‍ട്ടോ മൊന്‍കായോ പറയുന്നു. 

ലൈംഗിക കുറ്റങ്ങള്‍ പെരുകുന്നതിനുള്ള വലിയ കാരണമായി പലപ്പോഴും ചൂണ്ടിക്കാട്ടപ്പെടുന്നത് ഇത്തരം വിഷയങ്ങളിലുള്ള അറിവില്ലായ്മയും നിരാശയും ആണ്. ഈ അറിവില്ലായ്മയെയും നിരാശയെയുമാണ് ഇക്വഡോറിലെ ഈ മെന്‍സ് ക്ലബ് പ്രധാനമായും അഭിസംബോധന ചെയ്യുന്നതും. എന്തുകൊണ്ടും മാതൃകാപരം എന്ന് പറയാം. 

Also Read:- മെട്രോ സ്റ്റേഷനില്‍ അപരിചിതന്‍റെ നഗ്നതാപ്രദര്‍ശനം; ദുരനുഭവം പങ്കിട്ട് യുവതി