ആളൊഴിഞ്ഞ ഇടങ്ങളിലോ മറ്റോ അവസരമൊത്ത് സ്ത്രീകളെ കണ്ടുകഴിഞ്ഞാല്‍ ലൈംഗികമായി അക്രമിക്കാന്‍ കാത്തുനില്‍ക്കുന്ന മാനസികവൈകല്യമുള്ള എത്രയോ അക്രമികള്‍ നമുക്കിടയില്‍ തന്നെ ഉണ്ട്! പലപ്പോഴും ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ടവിധം ശ്രദ്ധയോ കരുതലോ ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളും സ്ത്രീകള്‍ നേരിടാറുണ്ട്

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ( Sexual Harassment ) ഇന്നും നിത്യേന നമ്മുടെ സമൂഹത്തില്‍ നടന്നുവരുന്നു. ആളൊഴിഞ്ഞ ഇടങ്ങളിലോ മറ്റോ അവസരമൊത്ത് സ്ത്രീകളെ കണ്ടുകഴിഞ്ഞാല്‍ ലൈംഗികമായി അക്രമിക്കാന്‍ കാത്തുനില്‍ക്കുന്ന മാനസികവൈകല്യമുള്ള എത്രയോ അക്രമികള്‍ നമുക്കിടയില്‍ തന്നെ ഉണ്ട്! പലപ്പോഴും ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ടവിധം ശ്രദ്ധയോ കരുതലോ ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളും സ്ത്രീകള്‍ നേരിടാറുണ്ട്. 

അങ്ങനെയൊരു അനുഭവം തുറന്നുപങ്കുവയ്ക്കുയാണ് ദില്ലിയില്‍ നിന്നുള്ള ഒരു യുവതി. മെട്രോ സ്റ്റേഷനില്‍ വച്ചുണ്ടായ ദുരനുഭവമാണ് അദ്വൈത കപൂര്‍ എന്ന യുവതി ട്വിറ്ററില്‍ പങ്കുവച്ചത്. എന്തുകൊണ്ടും സമൂഹത്തിൽ നിന്ന് തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉറച്ചുപറയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നൊരു ( Women Empowerment ) അനുഭവക്കുറിപ്പ ്തന്നെയാണ് അദ്വൈതയുടേത്. 

മെട്രോയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ തന്നെ അപരിചിതനായ ഒരാള്‍ തനിക്കരികിലേക്ക് വരികയും അയാള്‍ ഒരു വിലാസത്തെ കുറിച്ച് ചോദിക്കുകയും ചെയ്തതായി അദ്വൈത പറയുന്നു. ഇതിന് ശേഷം ജോര്‍ ബാഗ് സ്റ്റേഷനിലിറങ്ങി, ഓണ്‍ലൈനായി വാഹനം ബുക്ക് ചെയ്ത ശേഷം അത് വരാനായി കാത്തിരിക്കുമ്പോള്‍ ഇതേ ആള്‍ വീണ്ടും തനിക്കരികില്‍ വരികയും വസ്ത്രമഴിച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയും ( Sexual Harassment ) ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. 

Scroll to load tweet…

'വീണ്ടും അതേ വിലാസത്തിലുള്ള സംശയം തീര്‍ക്കാനെന്ന ഭാവത്തില്‍ അയാള്‍ എനിക്ക് അരികിലേക്ക് വന്നു. ഇതിനിടെ ഇയാള്‍ വസ്ത്രം മാറ്റി ലിംഗം എന്‍റെ മുഖത്തിന് നേരേക്ക് തള്ളിക്കൊണ്ട് വരികയായിരുന്നു. മൂന്ന് തവണ അയാള്‍ അതുതന്നെ ചെയ്തു. ഇതെന്‍റെ ശ്രദ്ധയില്‍ പെട്ടതോടെ ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് ഓടി. ഞാനാകെ പേടിച്ചിരുന്നു.അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരന്‍റെ അരികിലേക്കാണ് ഞാന്‍ ചെന്നത്...'- അദ്വൈത പറയുന്നു.

താന്‍ ഓടിച്ചെന്ന് സഹായമഭ്യര്‍ത്ഥിച്ച പൊലീസുകാരന്‍ തന്നെ സഹായിച്ചില്ലെന്നും ഇതിന് പകരം മുകള്‍നിലയിലുള്ള മറ്റ് പൊലീസുകാരോട് ഇക്കാര്യം ചെന്ന് അറിയിക്കാനാണ് പറഞ്ഞതെന്നും ഇവര്‍ പറയുന്നു. അങ്ങനെ അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും മുകളില്‍ ചെന്ന് പൊലീസുകാരോട് കാര്യം ധരിപ്പിച്ച് സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചാള്‍ പ്രതിയെ തിരിച്ചറിയാമെന്നും അറിയിച്ചു. 

സിസിടിവി ദൃശ്യത്തില്‍ ആളെ തിരിച്ചറിഞ്ഞെങ്കിലും അയാള്‍ മെട്രോയില്‍ കയറി മറ്റെങ്ങോട്ടോ പോകുന്നതാണ് ഒടുവില്‍ കാണാനായത്. 

'എല്ലാം ക്യാമറയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അയാള്‍‍ പെട്ടെന്ന് തന്നെ മറ്റൊരു മെട്രോയില്‍ കയറി എങ്ങോട്ടോ പോയി. എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന് ഞാന്‍ പൊലീസുകാരോട് ചോദിച്ചുകൊണ്ടിരുന്നു. അവര്‍ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് പകരം എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. അങ്ങനെ എന്തെങ്കിലും സംഭവമുണ്ടായാല്‍ ഉടന്‍ തന്നെ ബഹളം വച്ച് ആളെ കൂട്ടണമായിരുന്നുവെന്നും അതൊന്നും ചെയ്തില്ലെന്നുമെല്ലാം അവര്‍ പറയുന്നുണ്ടായിരുന്നു...'- അദ്വൈത പറയുന്നു. 

തനിക്ക് നീതി ലഭിച്ചില്ലെന്ന നിരാശയാകാം ഒരുപക്ഷേ അനുഭവക്കുറിപ്പ് പരസ്യമായി പങ്കിടാന്‍ അദ്വൈതയെ പ്രേരിപ്പിച്ചത്. സംഭവം ചര്‍ച്ചയായതോടെ ഡിഎംആര്‍സി ( ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍) സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചിട്ടുണ്ട്. ഒപ്പം തന്നെ മെട്രോയില്‍ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാല്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്ലൈന്‍ നമ്പറുകളും ഇവര്‍ പങ്കുവച്ചു. 155370, 155655 (സിഐഎസ്എഫ്) എന്നിവയാണ് ഹെല്‍പ്ലൈന്‍ നമ്പറുകള്‍. 

പൊതുവിടങ്ങളില്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നത് നിയമപരമായി കുറ്റം തന്നെയാണ്. അത് സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ലൈംഗികാതിക്രമം ആയിത്തന്നെയാണ് കണക്കാക്കപ്പെടുക. മാനസികമായി സ്ത്രീകളെ ഇത് പല രീതിയില്‍ ബാധിക്കാം. അതിനാല്‍ തന്നെ നിസാരമായി ഇതിനെ തള്ളിക്കളയാനും സാധിക്കില്ല. അതേസമയം ഇത്തരം പരാതികളുമായി എത്തുന്ന സ്ത്രീകളെ മാന്യമായി സ്വീകരിക്കുന്നില്ല എങ്കില്‍ ഇതിന്മേലും സ്ത്രീകള്‍ക്ക് പരാതിപ്പെടാവുന്നതാണ് ( Women Empowerment ) . ഇക്കാര്യങ്ങളെല്ലാം അദ്വൈതയുടെ അനുഭവക്കുറിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാര്യമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 

Also Read:- 'ഇര'യില്‍ നിന്ന് 'അതിജീവിത'യിലേക്കുള്ള ദൂരം...