മുഖസൗന്ദര്യം വർധിപ്പിക്കാനായി ഇന്ന് എല്ലാവരും മേക്കപ്പ് ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പ് ചെയ്യുന്നതില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അത് ചര്‍മ്മത്തെ പോലും മോശമായി ബാധിക്കാം. ആദ്യമേ തന്നെ മേക്കപ്പിനായി നല്ല ബ്രാന്‍റഡ് വസ്തുക്കള്‍ മാത്രം തെരഞ്ഞെടുക്കുക. അതുപോലെ തന്നെ, ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മേക്കപ്പ് ശരിയായി ചെയ്തില്ലെങ്കില്‍ അത് മുഖത്തെ വികലമാക്കി മാറ്റുമെന്നാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ആഞ്ചൽ ചൂങ് പറയുന്നത്.

അത്തരത്തില്‍  മേക്കപ്പ് ചെയ്യുമ്പോൾ നിങ്ങള്‍ വരുത്തുന്ന ഏഴ് തെറ്റുകളെ കുറിച്ച് ആഞ്ചൽ വിശദീകരിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ഒന്ന്...

മേക്കപ്പ് ചെയ്യുന്ന തുടക്കക്കാര്‍  പുരികം നല്ല കട്ടിക്ക് വരയ്ക്കാറുണ്ട്. ഇത് കാണാന്‍ തന്നെ അരോചകമായിരിക്കും. വളരെ ലളിതമായാണ് പുരികത്തിൽ മേക്കപ്പ് ചെയ്യേണ്ടത്. അൽപം ബ്രോ മസ്കാര മാത്രം മതി പുരികം ഭംഗിയാക്കാൻ. ഇത് പുരികത്തിന് ഒരു നാച്ചുറൽ ലുക്കും നല്‍കും. 

രണ്ട്...

ഐലൈനറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഐലൈനറിന്റെ അറ്റത്തായി സ്മഡ്ജ് സ്റ്റിക് ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അങ്ങനെയായാൽ നേർത്ത ലൈനിൽ കണ്ണെഴുതിയാലും അത് സ്മഡ്ജ് ആയി കണ്ണിന് വളരെ നല്ല ഭംഗി ലഭിക്കും. 

മൂന്ന്...

മേക്കപ്പ് വസ്തുക്കള്‍ ബ്ലെൻഡ് ചെയ്യുമ്പോള്‍ നിലവാരമുള്ള ബ്രഷുകൾ ഉപയോഗിക്കണം. മേക്കപ്പ് ചെയ്യാൻ ഉപയോ​ഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ അക്കാര്യം വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ, മുഖത്തുപയോഗിക്കുന്ന അതേ സൗന്ദര്യവർധക വസ്തുക്കൾ തന്നെ കഴുത്തിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

 

നാല്...

ബ്ലഷ് ചെയ്യുമ്പോൾ വെറുതെ ചിരിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അങ്ങനെ ചെയ്താൽ, ചര്‍മ്മം വലിഞ്ഞ് തൂങ്ങാന്‍ സാധ്യതയുണ്ട്. 

അഞ്ച്...

ചർമ്മത്തിന്റെ നിറത്തിനു യോജിച്ച ഫൗണ്ടേഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ലുക്കിനെ മോശമായി ബാധിക്കാം. 

ആറ്...

മേക്കപ്പിനുപയോഗിക്കുന്ന ബ്രഷും മേക്കപ് കിറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ ഇൻഫെക്‌ഷൻ, റാഷസ് പോലെയുള്ള ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും. ഡിസ്പോസ് ചെയ്യേണ്ടവ ഒറ്റ ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കുക. അല്ലാത്തവ ചെറുചൂടുവെള്ളത്തിൽ കഴുകിയുണക്കി വൃത്തിയായി സൂക്ഷിക്കുക. 

ഏഴ്...

പകൽസമയത്ത് മേക്കപ്പിനൊപ്പം ഗ്ലിറ്ററുകളുപയോഗിക്കുന്നതു മണ്ടത്തരമാണ്. രാത്രി പാർട്ടികൾക്കോ മറ്റോ അത് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വളരെ കുറച്ചുമാത്രം ഉപയോഗിക്കുക.

Also Read: മുഖത്തെ എണ്ണമയം അകറ്റാന്‍ കിടിലന്‍ ഫേസ് പാക്കുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് !