മലഞ്ചെരിവില്‍ നടക്കാൻ ഇറങ്ങിയ യുവാവിന്‍റെ പുറകിൽ ഒരു മൗണ്ടൻ ലയണ്‍ അഥവാ പര്‍വ്വത സിംഹം. ഈ സംഭവത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അമേരിക്കയിലെ യൂട്ടയിലെത്തിയ 26കാരനായ കെയ്‌ൽ ബർഗെസ് എന്ന യുവാവിനെയാണ് മൗണ്ടൻ ലയണ്‍ പിന്തുടര്‍ന്നത്.

വെറുതേ ഒന്ന് നടക്കാന്‍ ഇറങ്ങിയതാണ് കെയ്ല്‍. കുറച്ച് ദൂരം കഴിഞ്ഞ് കെയ്‌ൽ പുറകിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ 100 മീറ്റർ അകലത്തിൽ ഒരു മൗണ്ടൻ ലയണ്‍. കുറച്ചു നേരമായി കെയ്‌ലിനെ പിന്തുടരുകയാണ് മൗണ്ടൻ ലയണ്‍. പേടിച്ചെങ്കിലും മൗണ്ടൻ ലയണിനെ ആട്ടിയോടിക്കാൻ കെയ്‌ൽ ശ്രമം നടത്തുന്നുണ്ട്.

എന്നാല്‍ അത് കൂടുതല്‍ അക്രമാസക്തൻ ആകുകയാണ് ചെയ്യുന്നത്. മൗണ്ടൻ ലയണ്‍ പല തവണ കെയ്‌ലിനെതിരെ പാഞ്ഞടുക്കുന്നുണ്ടെങ്കിലും കെയ്‌ൽ  ആക്രോശിക്കുമ്പോൾ അത് അല്പനേരത്തേക്ക് ശാന്തമാവുന്നതും വീഡിയോയില്‍ കാണാം.

 

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് 59 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. എന്നാല്‍ ആറ് മിനിറ്റോളം  മൗണ്ടൻ ലയണ്‍ കെയ്‌ലിനെ പിന്തുടർന്നു എന്നാണ് റെക്‌സ് വീഡിയോയിൽ വ്യക്തമാക്കുന്നത്. അല്പം കഴിഞ്ഞപ്പോൾ അത് ഓടി മറഞ്ഞുവത്രേ.

Also Read: വഴിയില്‍ കളിക്കുന്ന കുട്ടികളെ പിന്തുടർന്ന് മൗണ്ടൻ ലയൺ; ഭയപ്പെടുത്തുന്ന വീഡിയോ...