വഴിയിൽ  കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ  പിന്തുടർന്ന് നിരീക്ഷിക്കുന്ന ഒരു മൗണ്ടൻ ലയണിന്‍റെ (പര്‍വ്വത സിംഹം) വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കാലിഫോർണിയയിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന ഈ ദൃശ്യം പസിഫിക്കയിൽ താമസിക്കുന്ന തിമോത്തി കെറിസ്ക് എന്ന വ്യക്തിയാണ് പകര്‍ത്തിയത്. തന്റെ വീട്ടുമുറ്റത്ത് നിന്നുമാണ് തിമോത്തി ഇത് പകർത്തിയിരിക്കുന്നത്.

ഗേറ്റിന് മുന്നിലായി ഒരു ജർമൻ ഷെപ്പേർഡിനോളം വലുപ്പമുള്ള ജീവിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തിമോത്തി ഇത് പകര്‍ത്താന്‍ തുടങ്ങിയത്. ആദ്യം നായ ആണെന്ന് കരുതിയെങ്കിലും ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴാണ് അത് ഒരു മൗണ്ടൻ ലയണാണെന്ന് തിമോത്തി തിരിച്ചറിഞ്ഞത്. 

വഴിയിൽ സൈക്കിൾ ചവിട്ടി കളിക്കുന്ന കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ സിംഹം. അപകടം തിരിച്ചറിഞ്ഞതിനാൽ പെട്ടെന്നുതന്നെ തിമോത്തി കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി. വേഗം തന്നെ വീടുകളിലേക്ക് മടങ്ങാൻ തിമോത്തി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതോടെ മൗണ്ടൻ ലയണിന്റെ ശ്രദ്ധ തിമോത്തിയിലേയ്ക്ക് തിരിഞ്ഞു. 

പിന്തിരിഞ്ഞ് അല്പം നടന്ന ശേഷം വേലിയും ചാടിക്കടന്ന് റോഡിലേക്കിറങ്ങി അത് ഓടി മറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. 

Also Read: പട്ടിക്കുട്ടിക്കൊപ്പം വീഡിയോ കാണുന്ന കുട്ടി; മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ