പല പ്രായത്തിലും പല സാഹചര്യത്തിലുമാണ് ആളുകള്‍ യോഗ അഭ്യസിച്ചുതുടങ്ങുന്നത്. ഇവിടെയിതാ നാല് വയസ് തൊട്ട് തന്നെ യോഗ അഭ്യസിച്ചുതുടങ്ങിയ ഒരാളെ കുറിച്ചാണ് പറയുന്നത്. റെയാന്‍ഷ് സുരാനി എന്നാണ് ഈ ബാലന്റെ പേര്

യോഗ പരിശീലിക്കുന്നത് ( yoga Training ) നമ്മുടെ ശരീരത്തിനും മനസിനും ഒരുപോലെ ഗുണം നല്‍കുന്നതാണ്. അസുഖങ്ങളില്‍ നിന്ന് ഒരു പരിധി വരെ സ്വയം സംരക്ഷിക്കാനും, മാനസിക സമ്മര്‍ദ്ദം ( Mental Stress ) , വിഷാദം ( Depression ) പോലുള്ള പ്രശ്‌നങ്ങളെ മറികടക്കുന്നതിനുമെല്ലാം യോഗ സഹായകമാണ്. 

പല പ്രായത്തിലും പല സാഹചര്യത്തിലുമാണ് ആളുകള്‍ യോഗ അഭ്യസിച്ചുതുടങ്ങുന്നത്. ഇവിടെയിതാ നാല് വയസ് തൊട്ട് തന്നെ യോഗ അഭ്യസിച്ചുതുടങ്ങിയ ഒരാളെ കുറിച്ചാണ് പറയുന്നത്. റെയാന്‍ഷ് സുരാനി എന്നാണ് ഈ ബാലന്റെ പേര്. 

ഇന്ത്യന്‍ വംശജരാണെങ്കിലും ദുബായിലാണ് റെയാന്‍ഷിന്റെ കുടുംബം താമസിക്കുന്നത്. റെയാന്‍ഷ് പഠിച്ചിരുന്നതും ദുബായില്‍ തന്നെ. എന്നാല്‍ പിന്നീട് തന്റെ മാതാപിതാക്കള്‍ യോഗ പരിശീലനത്തിനായി ഇന്ത്യയിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം യോഗ പരിശീലിക്കാന്‍ തുടങ്ങിയതാണ് റെയാന്‍ഷ്. 

ദുബായില്‍ നിന്ന് യോഗ പഠനത്തിനായി ഇവര്‍ ഋഷികേശിലേക്കാണ് വന്നത്. ദുബായിലെ ജീവിതസൗകര്യങ്ങളൊന്നും തന്നെ ഋഷികേശില്‍ ഇല്ലായിരുന്നു. എന്നാല്‍ ഈ മാറ്റങ്ങളെല്ലാം താന്‍ അനുഭവിച്ച് പരിചയിക്കുകയും പഠിക്കുകയുമാണ് ചെയ്തതെന്ന് റെയാന്‍ഷ് പറയുന്നു. 

പതിയെ യോഗയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിത്തുടങ്ങി. ആദ്യമുണ്ടായിരുന്ന ചെറിയ താല്‍പര്യത്തിലധികം യോഗയോടുള്ള ആവേശവും സമര്‍പ്പണവും കൂടി വന്നു. ഒടുവില്‍ 2021 ജൂലൈയോടെ യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തിയായി സര്‍ട്ഫിക്കറ്റ് നേടി. 

ഇതോടെ ഒമ്പതാം വയസില്‍ യോഗ പരീശീലകനാവാനുള്ള അപൂര്‍വ്വ സന്ദര്‍ഭം റെയാന്‍ഷിന് ലഭിച്ചു. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി റെയാന്‍ഷിനെ തേടിയെത്തിയിരിക്കുകയാണ്. ലോകത്തില്‍ വച്ച് തന്നെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകന്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡാണ് റെയാന്‍ഷ് നേടിയിരിക്കുന്നത്.

Scroll to load tweet…

ലോക റെക്കോര്‍ഡ് കൂടി നേടിയതോടെ റെയാന്‍ഷ് ഒരു താരമായി മാറിയിരിക്കുകയാണ്. യോഗ പരിശീലിപ്പിക്കുന്ന അധ്യാപകനാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ആ സമയങ്ങളെല്ലാം താന്‍ ഏറെ ആസ്വദിക്കാറുണ്ടെന്നും റെയാന്‍ഷ് പറയുന്നു. 

'എനിക്ക് യോഗ പഠിപ്പിക്കാന്‍ ഇഷ്ടമാണ്. ഞാനത് ഒരുപാട് എന്‍ജോയ് ചെയ്ാറുണ്ട്. യോഗ എന്നാല്‍ പോസ്ചര്‍, അതുപോലെ ശ്വസനം മാത്രമാണെന്നായിരുന്നു ആദ്യമെല്ലാം എന്റെ ധാരണ. പക്ഷേ അതിനെക്കാളെല്ലാം മുകളിലാണ് യോഗയെന്ന് പിന്നീട് മനസിലായി. ലോകത്തിന്റെ നല്ലതിന് വേണ്ടിയാണ് ഞാനെന്റെ അറിവും അനുഭവവും മറ്റുള്ളവരിലേക്ക് പകരുന്നത്. അതില്‍ ഏറെ സന്തോഷം തോന്നുന്നു...'- റെയാന്‍ഷ് പറയുന്നു. 

ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഓണ്‍ലൈനായി യോഗ അഭ്യസിപ്പിക്കുന്ന പരിശീലകന്‍ ആയാല്‍ മതിയെന്നാണ് റെയാന്‍ഷിന്റെ ഉത്തരം. നിലവില്‍ സ്‌കൂളിലും അതിന് പുറത്തുമെല്ലാം റെയാന്‍ഷ് യോഗ ക്ലാസ് നടത്തുന്നുണ്ട്. പ്രിയപ്പെട്ടവരെല്ലാം തന്നെ പിന്തുണയുമായും സ്‌നേഹത്തോടെയും റെയാന്‍ഷിന്റെ കൂടെയുണ്ട്. 

YouTube video player

Also Read :- മലൈകയുടെ മേല്‍നോട്ടത്തില്‍ അര്‍ജുന് യോഗ പരിശീലനം...