Asianet News MalayalamAsianet News Malayalam

Viral Video : 'അത് കാട്ടുതീ അല്ല';വിവാദ വീഡിയോക്ക് പിന്നിലെ സത്യം

കാട്ടുതീയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ടിക് ടോക്ക് വീഡിയോ എടുത്ത് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. മനോഹരമായ ഗൗണ്‍ ധരിച്ച് സന്തോഷപൂര്‍വ്വമായിരുന്നു വീഡിയോയില്‍ ഹുമൈറയെ കണ്ടത്

pakistan tiktokers new video after her wild fire video goes wrong in social media
Author
Islamabad, First Published May 19, 2022, 4:32 PM IST

ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ ( Social Media ) വൈറലാകുന്ന എത്രയോ വീഡിയോകളുണ്ട് ( Viral Video ) . ഇവയില്‍ പലതും അപ്രതീക്ഷിത സംഭവങ്ങളോ അപകടങ്ങളോ എല്ലാമാകാറുണ്ട്. വൈറലാകുന്നതിന് വേണ്ടി മാത്രമായി ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവരും ഉണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം പ്രവണതകള്‍ കാണിക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. 

അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ഒരാളാണ് പാക്കിസ്ഥാനി ടിക് ടോക്കറും സോഷ്യല്‍ മീഡിയ താരവുമായ ഹുമൈറ അസ്ഗര്‍. 

കാട്ടുതീയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ടിക് ടോക്ക് വീഡിയോ എടുത്ത് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. മനോഹരമായ ഗൗണ്‍ ധരിച്ച് സന്തോഷപൂര്‍വ്വമായിരുന്നു വീഡിയോയില്‍ ഹുമൈറയെ കണ്ടത്. പ്രകൃതി നേരിടുന്ന വലിയൊരു ദുരന്തത്തില്‍, അതിന് തൊട്ടരികില്‍ നിന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെ ആഹ്ലാദപൂര്‍വം വീഡിയോ ചിത്രീകരിക്കുന്നതെന്നും അത് പുറത്തുവിടുന്നതിലൂടെ എന്ത് സന്ദേശമാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്നും അടക്കമുള്ള ചോദ്യങ്ങള്‍ ഹുമൈറ നേരിട്ടു. 

ഇസ്ലാമാബാദിലുള്ള 'വൈല്‍ഡ് ഫയര്‍ മാനേജ്മെന്‍റ് ബോര്‍ഡ്' മേധാവി പോലും വിഷയത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. വീഡിയോ ചെയ്യുന്ന സമയം ഒരു ബക്കറ്റ് വെള്ളം കോരി അതിലേക്ക് ഒഴിക്കാന്‍ ഇവര്‍ക്ക് തോന്നിയില്ലല്ലോ എന്നായിരുന്നു 'വൈല്‍ഡ് ഫയര്‍ മാനേജ്മെന്‍റ് ബോര്‍ഡ്' മേധാവിയായ റിന സഈദ് ഖാന്‍റെ പ്രതികരണം. 

പരിസ്ഥിതിവാദികളും ശക്തമായി തന്നെയാണ് വീഡിയോയ്ക്കെതിരെ രംഗത്തുവന്നത്. ഹുമൈറയ്ക്കെതിരെ കേസെടുക്കണമെന്ന് വരെ ആവശ്യമുയര്‍ന്നു. ഇത്രയും ബഹളങ്ങള്‍ ആയപ്പോഴേക്ക് ഹുമൈറ വീഡിയോ പിന്‍വലിക്കുകയും ചെയ്തു. 

എന്നാലിപ്പോഴിതാ വീഡിയോയുടെ അണിയറയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയാണ് ഇവര്‍. സംഭവസ്ഥലത്ത് നിന്ന് തന്നെ പകര്‍ത്തിയ മറ്റൊരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇവര്‍ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. 

വീഡിയോയില്‍ അതേ ഗൗണില്‍ ഹുമൈറയെ കാണാം. തൊട്ടടുത്ത് തന്നെ ഗ്രാമവാസിയായ ഒരാളെയും കാണാം. എന്താണിവിടെ സംഭവിച്ചതെന്ന് ഹുമൈറ ചോദിക്കുമ്പോള്‍, പ്രദേശത്ത് പാമ്പുകളുടെ ശല്യം കൂടുതലാണെന്നും അവ കുട്ടികള്‍ക്ക് പോലും ഭീഷണിയാകുന്ന രീതിയിലേക്ക് എത്തിയപ്പോള്‍ തങ്ങളാണ് അവിടെ തീയിട്ടതെന്നുമാണ് ഗ്രാമവാസി പറയുന്നത്. പാമ്പുകളുടെ ശല്യം ഒഴിവാക്കുന്നതിന് പരമ്പരാഗതമായ രീതിയില്‍ തീയിട്ടിരിക്കുകയാണെന്നാണ് ചുരുക്കത്തില്‍ ഇയാള്‍ വ്യക്തമാക്കുന്നത്. 

എന്തായാലും സംഭവത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ പുറത്തുവന്നതോടെ ഹുമൈറയെ വിമര്‍ശിച്ചവരെല്ലാം മൗനത്തിലാണ്. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണ് ഹുമൈറ പ്രചരിപ്പിച്ചതെന്ന വാദം ഇപ്പോഴും ഉയര്‍ത്തുന്നവരുണ്ട്. 

പുതിയ വീഡിയോ കാണാം...

 

Also Read:- ഒരു അഡാറ് പ്രണയം; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം

Follow Us:
Download App:
  • android
  • ios