കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രോഗം ബാധിച്ചവരും നിരീക്ഷണത്തില്‍ കഴിയുന്നവരും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളും സാധാരണക്കാരുമെല്ലാം ഇതിനായി ഒത്തൊരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ്. 

പ്രതിസന്ധികളുടേയും നിരാശകളുടേയും ആധികളുടേയും ദിവസങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഇതിനിടെ സന്തോഷങ്ങള്‍ക്ക് വേണ്ടി ചുരുക്കം നിമിഷങ്ങളെങ്കിലും നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അതിന് അല്‍പമെങ്കിലും 'പൊസിറ്റീവ്' ആയ വാര്‍ത്തകള്‍ വരണം.

അത്തരത്തില്‍ രസകരമായ ഒരു വാര്‍ത്തയാണ് മണിപ്പൂരിലെ 'കംഗ്‌പോക്പി' എന്ന സ്ഥലത്ത് നിന്ന് വരുന്നത്. ഒരാഴ്ച മുമ്പ് ഗോവയില്‍ നിന്ന് തിരിച്ചെത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും നിയമപ്രകാരം ക്വറന്റൈനില്‍ വിട്ടു. സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയ കേന്ദ്രത്തിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചത്. 

'കംഗ്‌പോക്പി'യിലെ ഇമ്മാനുവല്‍ സ്‌കൂളിലായിരുന്നു ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഇവിടെ വച്ച് കഴിഞ്ഞ ദിവസം യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പലയിടങ്ങളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെല്ലാം പ്രസവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മണിപ്പൂരില്‍ കൊറോണക്കാലത്ത് നിരീക്ഷണകേന്ദ്രത്തില്‍ ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണിത്. 

കുഞ്ഞ് ജനിച്ചയുടന്‍ തന്നെ മാതാപിതാക്കള്‍ പേരും നിശ്ചയിച്ചു. ഇമ്മാനുവല്‍ സ്‌കൂളില്‍ ക്വറന്റൈനില്‍ കഴിയവേ ജനിച്ചവന്, ഇമ്മാനുവന്‍ ക്വരന്റീനോ എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. രോഗത്തെച്ചൊല്ലി അനിശ്ചിതാവസ്ഥയിലാകുമ്പോഴും ആ പ്രതിസന്ധികളെയെല്ലാം നിസാരമായി നേരിടാമെന്ന സന്ദേശം തന്നെയാണ് ഈ മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നത്. 

Also Read:- ട്രെയിനില്‍ പ്രസവിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഇന്ത്യന്‍ റെയില്‍വെ...

ക്വറന്റീനോ എന്ന പേര് വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഇരട്ടി സന്തോഷത്തിലാണ് ഇവര്‍. 3.2 കിലോ ഭാരവുമായി പൂര്‍ണ്ണ ആരോഗ്യവാനാണ് കുഞ്ഞ്. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ് എന്നതിനാല്‍ കുഞ്ഞിനേയും ജാഗ്രതയോടെ പരിപാലിക്കുകയാണ് ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകര്‍.