ഒരു പ്രണയബന്ധം തകര്‍ന്നുകഴിഞ്ഞാല്‍, ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ 'ബ്രേക്കപ്പ്' ആയാല്‍ പലരും എടുക്കുന്ന ആദ്യ തീരുമാനം  ഇനി ഇങ്ങനെയുളള ഒരാളുമായി പ്രണയത്തിലാകില്ല എന്നാണ്. എന്നാല്‍ പുതിയ ഒരു പഠനം പറയുന്നത്  ആ തീരുമാനത്തിന് വിപരീതമായി ഭൂരിപക്ഷം പേരും വീണ്ടും അത്തരമൊരു ആളെ തന്നെയാകാം പ്രണയിക്കുന്നത് എന്നാണ്. നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിന്‍റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

പ്രണയം തകരുമ്പോള്‍ കാമുകന്‍റെയോ അല്ലെങ്കില്‍ കാമുകിയുടെയോ കുറവുകള്‍ പറയുന്നത് സ്വാഭാവികമാണ്. ഇത്തരം വ്യക്തിത്വമുളളവരെ ഇനി പ്രണയിക്കില്ല എന്നും അങ്ങ് ആവേശത്തില്‍ പറയും. എന്നാല്‍ വീണ്ടും അതേ പോലെയുളള ആളെ തന്നെയാകും പ്രണയിക്കുന്നത് എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ യൂബിന്‍ പാര്‍ക്ക് പറയുന്നത്. 332 പേരുടെ ഇപ്പോഴത്തെ പങ്കാളിയെയും മുന്‍ പ്രണയ നായിക/നായകന്‍ എന്നിവരെ വെച്ചാണ് പഠനം നടത്തിയത്. 

ഒരാളെ പ്രണയിക്കുമ്പോള്‍ ആ വ്യക്തിയുടെ പല ഗുണങ്ങളും  സ്വാധീനിക്കും. മറ്റൊരു വ്യക്തിയില്‍ അത്തരം ഗുണങ്ങള്‍ കാണുമ്പോള്‍ വീണ്ടും പ്രണയം തോന്നാം എന്നും ഗവേഷകര്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ രണ്ടാമത് പ്രണയത്തില്‍ ആകുമ്പോള്‍ ശ്രദ്ധിക്കണം. മുന്‍ കാമുകനയോ കാമുകിയോ പോലെയുളള ആളാണെങ്കില്‍ പഴയ ബന്ധത്തിലെ പോലെയുളള പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ചിലര്‍ക്ക് ഇത് പരിചിതമായ സ്വാഭാവം ആയതിനാല്‍ അവരെ നല്ല രീതിയില്‍ കൈകാര്യ ചെയ്യാന്‍ പറ്റുമെന്നും ബന്ധം വിജയിക്കുമെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു.