ശരിയായ രീതിയിൽ, ശരിയായ അളവിൽ പെർഫ്യും ഉപയോഗിക്കുന്നത് നല്ല അനുഭവം നൽകുന്നത് പോലെ തന്നെ തെറ്റായ രീതിയിലുള്ള ഉപയോഗം ത്വക്കിനെ പ്രശ്നത്തിലാക്കാനും സാധ്യതയുണ്ട്.
ഒരു വ്യക്തിയുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പെർഫ്യും. മനോഹരമായ സുഗന്ധം ശരീരത്തിന് പുതുമയും ആകർഷണവും നൽകുന്നതാണ്. ദൈനംദിന ജീവിതത്തിൽ പെർഫ്യൂം ശീലമാക്കിയിട്ടുള്ളവരും വളരെ അധികമാണ്. ശരിയായ രീതിയിൽ, ശരിയായ അളവിൽ പെർഫ്യും ഉപയോഗിക്കുന്നത് നല്ല അനുഭവം നൽകുന്നത് പോലെ തന്നെ തെറ്റായ രീതിയിലുള്ള ഉപയോഗം ത്വക്കിനെ പ്രശ്നത്തിലാക്കാനും സാധ്യതയുണ്ട്.
പെർഫ്യും എങ്ങനെ ഉപയോഗിക്കണം എവിടെ സ്പ്രേ ചെയ്യണമെന്നുള്ള വീഡിയോകൾ പലതും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അത്തരത്തിൽ പരസ്യങ്ങളിലും സിനിമയിലും കാണുന്നത് പോലെ പെർഫ്യൂം കഴുത്തിൽ പുരട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പെർഫ്യൂം കഴുത്തിൽ പുരട്ടുന്നത് ത്വക്ക് രോഗത്തിനും ഹോർമോണുകളെ ബാധിക്കാനും കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
പെർഫ്യൂം പുരട്ടുന്നതിൽ ഏറ്റവും മോശമായ ഇടങ്ങളിലൊന്നാണ് കഴുത്ത് എന്നാണ് എക്സിൽ ഉയരുന്ന ചർച്ച. കഴുത്തിനു താഴെയാണ് തൈറോയിഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ഇത് ഹോർമോൺ നിയന്ത്രണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. കൂടാതെ, കഴുത്തിലെ ത്വക്ക് ശരീരത്തിലെ മറ്റ് ഭാഗങ്ങളേക്കാൾ കൂടുതൽ സെൻസിറ്റീവാണ് എന്നുള്ളതിനാൽ പെർഫ്യൂം പുരട്ടുന്നത് മോശമായി ബാധിക്കാൻ സാധ്യതയുണ്ട്.
പുതിയ ചർച്ചകൾ പ്രകാരം, മോഡേൺ പെർഫ്യുമുകളിൽ ത്വക്കിനുള്ളിലേക്ക് കടക്കാനുള്ള രാസവസ്തുക്കൾ, ആൽക്കഹോൾ, ഫിക്സറ്റീവുകൾ അടങ്ങിയിരിക്കുന്നതായി പറയുന്നു. കഴുത്തിൽ പെർഫ്യും അടിക്കുന്നവരിൽ ക്ഷീണം, മൂഡ് സ്വിങ്സ്, അലസത, കഴുത്തിൽ അസ്വസ്ഥത, ത്വക്കിന്റെ നിറം മാറ്റം എന്നിവയുള്ളതായി കാണിക്കുന്നു.
വാണിജ്യ പെർഫ്യൂമുകളിൽ ഉയർന്ന തോതിലുള്ള ആൽക്കഹോളാണ് അടങ്ങിയിരിക്കുന്നത്. ഇത് സുഗന്ധം പരത്താൻ സഹായിച്ചാലും, ആവർത്തിച്ചുള്ള ഉപയോഗം ത്വക്കിനെ ദുർബലമാക്കാൻ ഇടയാക്കുന്നു. സിന്തറ്റിക് പെർഫ്യൂമുകൾ കൂടുതൽ സെൻസിറ്റീവായ ത്വക്കിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ഡെർമറ്റോളജിസ്റ്റുകളും ഡോക്ടർമാരും പറയുന്നു. പലപ്പോഴും മൂടി വെക്കാത്തതിനാൽ സൂര്യപ്രകാശം അടുക്കുന്ന ഇടം കൂടിയാണ് കഴുത്തിന്റെ ഭാഗങ്ങൾ. ക്രമേണ, പെർഫ്യൂം ആവർത്തിച്ച് പുരട്ടുന്നത് കഴുത്തിലെ ചുവപ്പ്, റാഷ്, pigmentation എന്നിവക്ക് കാരണമാകാം.
ചില ഫ്രാഗ്രൻസുകൾ ഫോട്ടോ സെൻസിറ്റീവ് ആണ്. അതായത് ഇത്തരം ഫ്രാഗ്രൻസുകൾ ഉപയോഗിക്കുന്ന ത്വക്കിലേക്ക് സൂര്യപ്രകാശം വീഴുമ്പോൾ ഇവിടം കറുത്ത് പാടുകളായി മാറികയും ഇത് മങ്ങിപ്പോകാൻ പ്രയാസമാവുകയും ചെയ്യുന്നു.
കഴുത്തിലല്ലങ്കിൽ പിന്നെ സേഫായി എവിടെ പെർഫ്യും അടിക്കാം? പെർഫ്യൂം ത്വക്കിൽ നേരിട്ട് സ്പ്രേ ചെയ്യാതെ വസ്ത്രങ്ങളിൽ ലൈറ്റായി സ്പ്രേ ചെയ്യുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. അതല്ലാതെ സെൻസിറ്റീവ് അല്ല എന്നുറപ്പുണ്ടെങ്കിൽ കൈയുടെ റിസ്റ്റിലും, കൈമുട്ടിന് പിന്നലെ ഭാഗങ്ങളിലും പെർഫ്യും ഉപയോഗിക്കാവുന്നതാണ്.
പെർഫ്യൂകളിൽ ഓറിജിനൽ തെരഞ്ഞെടുത്ത് ഉപയോഗിക്കാൻ ശ്രമിക്കാം. ദിവസത്തിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ത്വക്കിലേക്ക് നേരിട്ട് പുരട്ടാതിരിക്കാം. അതിൽ കൂടുതൽ പുരട്ടുന്നത് ത്വക് അസ്വസ്ഥമാകുന്നതിനും സുഗന്ധം തീവ്രമാകുന്നതിനും കാരണമാകുന്നു. മഴക്കാലത്തും വേനൽകാലത്തും ചർമ്മം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനനുസരിച്ച് പെർഫ്യൂം മാറ്റാവുന്നതാണ്.
