കാണാതായ തന്‍റെ പൂച്ച മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേയ്ക്ക് തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് ഇവിടെയൊരു ഉടമസ്ഥന്‍. പക്ഷേ കയറിവന്ന പൂച്ച കടബാധ്യതയുമായാണ് വന്നതെന്ന് പിന്നീടാണ് ഉടമസ്ഥന് മനസ്സിലായത്.

തായ്‌ലൻഡിലാണ് സംഭവം നടന്നത്. മൂന്ന് ദിവസമാണ് പൂച്ചയെ കാണാതായത്. അതിന്‍റെ വിഷമത്തിലായിരുന്നു ഉടമസ്ഥന്‍. എന്നാല്‍ കൃത്യം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പൂച്ച മടങ്ങി എത്തുകയും ചെയ്തു. 

കാണാതായതിനു ശേഷം വീട്ടിലേയ്ക്ക് തിരികെയെത്തിയ പൂച്ചയെ ദൂരെനിന്ന് തന്നെ കണ്ട ഉടമസ്ഥന് എന്തോ പന്തികേടു തോന്നി. അടുത്തു ചെന്ന് അടിമുടി നോക്കിയപ്പോഴാണ് കഴുത്തിലെ ചെറിയ ടാഗ് ശ്രദ്ധയിൽപ്പെട്ടത്. ഒരു പ്ലക്കാർഡില്‍ ഒരു കുറിപ്പ്. 

 

“നിങ്ങളുടെ പൂച്ചയുടെ നോട്ടം എന്റെ സ്റ്റാളിലെ അയലകളിലായിരുന്നു. അതുകൊണ്ട് ഞാൻ പൂച്ചയ്ക്ക് മൂന്ന് അയല നൽകി" - കാര്‍ഡിലെ വരികള്‍ ഇങ്ങനെ. കഴിഞ്ഞില്ല,  കടയുടമസ്ഥന്റെ പേരും വിലാസവും ഫോൺ നമ്പറും വരെ അതിൽ കുറിച്ചിരുന്നു.  അതായത് തന്‍റെ പൂച്ച വരുത്തിവച്ച കട ബാധ്യതയുടെ കണക്ക് കൃത്യമായി പറഞ്ഞാൽ മൂന്ന് അയലമീൻ.

 

ഫേസ്ബുക്ക് പേജായ 'ചാങ് ഫുവാകി'ലൂടെയാണ് ഈ പൂച്ചയുടെ കട ബാധ്യതയെ കുറിച്ചുള്ള കുറിപ്പ് പ്രചരിക്കുന്നത്. നിമിഷനേരം കൊണ്ട് കുറിപ്പ് വൈറലാവുകയും ചെയ്തു. 

Also Read: പൂച്ച കടിച്ചെടുത്ത് വീട്ടിനകത്തേയ്ക്ക് കൊണ്ടുവന്നത് ഇരട്ടത്തലയുള്ള പാമ്പിനെ; ഞെട്ടലോടെ വീട്ടുകാർ...