Asianet News MalayalamAsianet News Malayalam

അധികൃതർ അറിയാതെ സിംഹത്തെ വളര്‍ത്തി; ഒടുവില്‍ ടിക് ടോക് വീഡിയോ ചതിച്ചു

ഏതാനും മാസങ്ങളായി സംശയം തോന്നിയിരുന്ന അധികൃതര്‍ യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് സിംഹത്തെ യുവാവിന്റെ വീട്ടില്‍ കണ്ടെത്തുകയും അതിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നത്

pet lion confiscated in cambodia from chinese owner
Author
Cambodia, First Published Jun 27, 2021, 9:54 PM IST

വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്ന കാര്യത്തില്‍ ധാരാളം നിയമപ്രശ്‌നങ്ങളുണ്ടെന്ന് നമുക്കറിയാം. സാധാരണഗതിയില്‍ മിക്കയിടങ്ങളിലും ഇതിന് നിയമപരമായി അനുമതി ലഭിക്കാറില്ല. എങ്കിലും ചിലരെങ്കിലും നിയമവിരുദ്ധമായി രഹസ്യമായെല്ലാം ഇത്തരത്തില്‍ വന്യമൃഗങ്ങളെ വളര്‍ത്താറുമുണ്ട്. അങ്ങനെയുള്ള അപൂര്‍വ്വസംഭവങ്ങളെ കുറിച്ചെല്ലാം ഇടയ്ക്ക് വാര്‍ത്തകള്‍ വരാറുമുണ്ട്. 

സമാനമായൊരു സംഭവമാണ് കംബോഡിയയില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അധികൃതര്‍ അറിയാതെ വീട്ടില്‍ സിംഹത്തെ വളര്‍ത്തിയിരുന്ന ചൈനീസ് യുവാവ് കയ്യോടെ പിടിക്കപ്പെട്ടു. ഏതാനും മാസങ്ങളായി സംശയം തോന്നിയിരുന്ന അധികൃതര്‍ യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് സിംഹത്തെ യുവാവിന്റെ വീട്ടില്‍ കണ്ടെത്തുകയും അതിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നത്. 

കംബോഡിയയില്‍ താമസിക്കുന്ന യുവാവ് നാട്ടില്‍ നിന്ന് എങ്ങനെയോ എത്തിച്ചതാണ് സിംഹത്തെ. 18 മാസം പ്രായമുള്ള 70 കിലോഗ്രാം തൂക്കം വരുന്ന ആണ്‍ സിംഹമാണിത്. ആരെയും അറിയിക്കാതെ വീട്ടിലും പരിസരത്തുമായാണ് യുവാവ് ഇതിനെ പരിപാലിച്ച് കൊണ്ടിരുന്നത്. 

എന്നാല്‍ ഇടയ്ക്ക് ടിക് ടോക് വീഡിയോകളിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലുമെല്ലാം സിംഹം ഉള്‍പ്പെടുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. അന്വേഷണത്തില്‍ യുവാവുമായി ബന്ധമുള്ളവരും സംഭവം ശരിവച്ചതോടെയാണ് നടപടിയുമായി ഉദ്യോഗസ്ഥര്‍ നേരിട്ട് യുവാവിന്റെ വീട്ടിലെത്തിയത്. 

ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. സിംഹത്തിനെ ഏറ്റെടുത്ത ശേഷം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് തീരുമാനം. വാർത്ത പുറത്തുവന്നതോടെ യുവാവ് സിംഹത്തിനൊപ്പമിരിക്കുന്ന ചിത്രവും ഇതിന്‍റെ വിശദാംശങ്ങളുമെല്ലാം സോഷ്യൽ  മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. 

Also Read:- ടൗട്ടെ ചുഴലിക്കാറ്റ് സമയത്ത് അലഞ്ഞുതിരിയുന്ന സിംഹങ്ങളല്ല; വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ...

Follow Us:
Download App:
  • android
  • ios