പനിയും കഴുത്തില്‍ വീക്കവും ആയതോടെ മൂന്നുവയസുകാരനേയും കൊണ്ട് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയതായിരുന്നു പ്രേംചന്ദ് എന്ന യുവാവും ഭാര്യ ആശാദേവിയും. എന്നാല്‍ സമയത്തിന് കുഞ്ഞിനെ പരിശോധിക്കാനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ അധികൃതര്‍ തയ്യാറായില്ല എന്നാണ് പ്രേംചന്ദ് പറയുന്നത്

മൂന്നുവയസുകാരന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി മുറ്റത്തെ തറയില്‍ കിടന്നുകരയുന്ന അച്ഛന്‍. അരികില്‍ കുനിഞ്ഞിരുന്ന് കരയുന്ന അമ്മ. നിസഹായതയുടെ തീവ്രതയെ അനുഭവപ്പെടുത്തുന്നതാണ് ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്ന് പുറത്തുവന്ന ഈ ചിത്രം. 

ആശുപത്രി പരിസരത്തുണ്ടായിരുന്നവരില്‍ ആരോ തന്റെ മൊബൈലില്‍ പകര്‍ത്തിയ 12 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യം വീഡിയോയില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് ഈ ചിത്രം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. 

പനിയും കഴുത്തില്‍ വീക്കവും ആയതോടെ മൂന്നുവയസുകാരനേയും കൊണ്ട് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയതായിരുന്നു പ്രേംചന്ദ് എന്ന യുവാവും ഭാര്യ ആശാദേവിയും. എന്നാല്‍ സമയത്തിന് കുഞ്ഞിനെ പരിശോധിക്കാനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ അധികൃതര്‍ തയ്യാറായില്ല എന്നാണ് പ്രേംചന്ദ് പറയുന്നത്. 

''അവര്‍ ആദ്യം കുഞ്ഞിനെ തൊട്ടുനോക്കിയത് പോലുമില്ല, പകരം 90 കിലോമീറ്റര്‍ ദൂരെ കാണ്‍പൂരിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്റെ കയ്യില്‍ അതിനുമാത്രം പണമൊന്നും ഉണ്ടായിരുന്നില്ല. നിര്‍ധനനായ ഒരു സാധാരണക്കാരനാണ് ഞാന്‍, എന്തുചെയ്യും ഞാന്‍?...

...അരമണിക്കൂറിലധികം അതേ അവസ്ഥയില്‍ ഞങ്ങള്‍ അവിടെ നിന്നു. ആ സമയത്ത് ആരൊക്കെയോ മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കാന്‍ തുടങ്ങിയതോടെയാണ് കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്...''- എന്‍ ഡി ടി വി റിപ്പോര്‍ട്ടിന് വേണ്ടി പ്രേംചന്ദ് പറഞ്ഞ വാക്കുകളാണിത്. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധികം വൈകാതെ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. അതേസമയം ചികിത്സ നിഷേധിക്കുകയോ വൈകിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കുഞ്ഞിനെ കൊണ്ടുവന്നയുടന്‍ തന്നെ എമര്‍ജന്‍സി വാര്‍ഡില്‍ ചേര്‍ത്തുവെന്നും ഗുരുതരമായകേസായതിനാല്‍ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റിനെ അറിയിച്ചെങ്കിലും അദ്ദേഹം വരും മുമ്പ് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ പ്രതിനിധിയായ രാജേഷ് കുമാര്‍ മിശ്ര അറിയിച്ചു. 

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ ഇതുവരേയും വിഷയം സംബന്ധിച്ച് നിയമപരമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കനൗജില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read:- പ്രസവത്തില്‍ കുഞ്ഞ് മരിച്ചു, മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് യുവതി; തുണയായി ആംബുലന്‍സ് ഡ്രൈവറും നഗരസഭയും...